വരുന്നൂ, വാട്സാപ്പ് പ്ലസ്; സബ്സ്ക്രിപ്ഷന് മാസം എത്ര രൂപ നല്‍കണം? ഫീച്ചര്‍ എന്തെല്ലാം? അറിയാം
വാട്സാപ്പ് സബ്സ്ക്രിപ്ഷനില്‍ കൂടുതല്‍ വ്യക്തത വരുത്തി മെറ്റ. വാട്സാപ്പ് പ്ലസ് എന്ന പേരിലാകും സബ്സ്ക്രിപ്ഷന് അറിയപ്പെടുക. ‘പവര്‍ യൂസര്‍’മാരെ ലക്ഷ്യമിട്ടാണ് മെറ്റ , പ്ലസ് ഇറക്കുന്നത്. കസ്റ്റം ആപ്പ് ഐക്കണുകള്‍, പ്രത്യേക റിങ്ടോണുകള്‍, കസ്റ്റമൈസേഷനുള്ള ഓപ്ഷനുകള്‍ എന്നിവയാണ് പ്ലസിന്റെ പ്ലസ് പോയിന്റ്സ്. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് വാട്സാപ്പ് സബ്സ്ക്രിപ്ഷന് നല്‍കിയിട്ടുള്ളത്. ഐഒഎസുകളില് പിന്നീടാകും ലഭ്യമാക്കുക. വാട്സാപ്പിനെ കുറേക്കൂടി അടുക്കും ചിട്ടയോടും കൂടി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്ലസിന്റെ പ്രത്യേകതയെന്ന് കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.
എക്സ്പാന്‍ഡഡ് പിന്‍ഡ് ചാറ്റ്, കസ്റ്റം ലിസ്റ്റുകള്‍, പുതിയ ചാറ്റ് തീമുകള്‍ എന്നിവയും പ്ലസില്‍ ലക്ഷ്യമാണ്. ടെസ്റ്റ് നടക്കുന്നതിനാല്‍ ഇതില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമാകും പ്ലസ് ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് എത്തുക.
പ്രീമിയത്തിലെന്തെല്ലാം?
എക്സ്പാന്‍ഡ് പിന്‍ഡ് ചാറ്റ്: പ്രീമിയം സബ്സ്ക്രൈബര്‍മാര്‍ക്ക് 20 ചാറ്റുകള്‍ ഒരേ സമയം പിന് ചെയ്യാം. നിലവില്‍ മൂന്ന് ചാറ്റുകള്‍ മാത്രമാണ് ഫ്രീയായി പിന് ചെയ്യാന്‍ കഴിയുക.
കസ്റ്റം ആപ് തീം: വൈബ്രന്റ് ബ്ലൂ, റോയല്‍ പര്‍പ്പിള്‍, ഫോറസ്റ്റ് ഗ്രീന്‍ തുടങ്ങിയ നിറങ്ങളടക്കം 18 പുതിയ ഓപ്ഷനുകളാണ് തീമില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
പ്രീമിയം സ്റ്റിക്കറുകള്‍: എക്സ്ക്ലൂസീവായ സ്റ്റിക്കര്‍ പായ്ക്കുകള്‍ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ലഭിക്കും. വാട്സാപ്പ് പ്ലസ് എടുത്ത ശേഷം സ്റ്റിക്കര്‍ സ്റ്റോറിലെത്തിയാല്‍ മതി. സ്ക്രീന്‍ മുഴുവന്‍ നിറയുന്ന ഓവര്‍ലേ അനിമേഷന്‍ സ്റ്റിക്കറുകളും ഇക്കൂട്ടത്തിലുണ്ട്.
ബള്‍ക്ക് ചാറ്റ് ലിസ്റ്റ് അപ്ഗ്രേഡ്സ്: കസ്റ്റം ലിസ്റ്റിലുള്ള ചാറ്റുകളില്‍ പ്രത്യേക റിങ് ടോണുകളും അലര്‍ട്ട് ടോണുകളും സെറ്റ് ചെയ്യാം.
എക്സ്ക്ലൂസിവ് റിങ്ടോണ്‍: ഇന്‍കമിങ് കോളുകള്‍ക്ക് 10 എക്സ്ക്ലൂസിവ് റിങ്ടോണുകളാണ് സബ്സ്ക്രൈബേഴ്സിന് ലഭിക്കുക.
സബ്സ്ക്രിപ്ഷന് എത്ര രൂപ നല്‍കണം? വാട്സാപ്പ് പ്ലസിന് എത്ര രൂപ നല്‍കേണ്ടി വരുമെന്നതില്‍ മെറ്റ ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യൂറോപ്പില്‍ പ്രതിമാസം 2.49 യൂറോയും പാക്കിസ്ഥാനില്‍ 229 രൂപയും മെക്സിക്കോയില്‍ 29.00 ഡോളറുമാകാമെന്നാണ് പ്രതീക്ഷിക്കുന്ന തുക. യൂറോപ്പിലെ തുക അനുസരിച്ചാണെങ്കില്‍ ഇന്ത്യയില്‍ ഏകദേശം 274 രൂപയോളം മാസം നല്‍കേണ്ടി വരും.
