പിഎം കിസാൻ തുക അക്കൗണ്ടിലെത്തുമെന്ന വ്യാജേന ലിങ്കുകൾവരാം; ക്ലിക്കുചെയ്താൽ കൈയിലുള്ളതും പോകും, ജാഗ്രത

Share our post

കാസർകോട്: പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി (പി.എം. കിസാൻ)യുടെ പേരിൽ വീണ്ടും സൈബർ തട്ടിപ്പിന് ശ്രമം. പദ്ധതിയിൽ ചേരുന്നതിനെന്ന പേരിൽ പി.എം. കിസാൻ.എപികെ (PM KISSAN.apk) എന്ന ഫയൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി അയച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്.

ഇതിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുമ്പോൾ നമ്മളറിയാതെ ചില ആപ്പുകൾ ഫോണിൽ ഇൻസ്റ്റാളാകും. ഇതുപയോഗിച്ച് സൈബർ തട്ടിപ്പുകാർ ഫോണിലെ വിവരങ്ങൾ ചോർത്തുകയോ നിയന്ത്രണം സ്വന്തമാക്കുകയോ ചെയ്യും. തുടർന്ന് ബാങ്ക് അക്കൗണ്ടുകളിലും മറ്റും കടന്നുകയറി പണം തട്ടും.

വൈദ്യുതി ബില്ലടയ്ക്കാനും കെ.വൈ.സി. അപ്‌ഡേറ്റ് ചെയ്യാനും ഗതാഗത നിയമലംഘനത്തിന്റെ പിഴയടയ്ക്കാനുമൊക്കെയുള്ള ലിങ്കെന്നമട്ടിൽ എ.പി.കെ. ഫയൽ അയച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. നമ്മുടെ കോൺടാക്ട് ലിസ്റ്റിലില്ലാത്തവരാകും സാമൂഹികമാധ്യമങ്ങൾ വഴിയോ ഇ-മെയിൽ വഴിയോ ഇവ അയക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ കുടുങ്ങും.

സാമൂഹികമാധ്യമങ്ങളിലൂടെ അയച്ചുകിട്ടുന്ന എ.പി.കെ. ഫയലുകൾ പലപ്പോഴും അപകടകാരികളാണ്. ഇതുവഴി മാൽവേറുകളും വൈറസുകളും മറ്റുമാകും സൈബർ തട്ടിപ്പുകാർ അയക്കുന്നത്. ഷെയർ ചെയ്ത് കിട്ടുന്ന തേഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുംമുമ്പ് ശ്രദ്ധിച്ചില്ലെങ്കിൽ തട്ടിപ്പിനിരയാകാൻ സാധ്യതയേറെയാണ്. കഴിയുന്നതും ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ മാത്രമേ ഡൗൺലോഡ് ചെയ്യാവൂ.

ചെറുകിട, ഇടത്തരം കൃഷിക്കാർക്ക് വരുമാന പിന്തുണ ഉറപ്പാക്കുകയാണ് പി.എം. കിസാൻ പദ്ധതിയുടെ ലക്ഷ്യം. 2000 രൂപവെച്ച് മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് സഹായധനമായി ലഭിക്കുക. pmkisan.gov.in എന്ന വെബ്‌സൈറ്റിൽ പോയി ന്യൂ ഫാർമർ രജിസ്‌ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്താണ് പദ്ധതിയിൽ ചേരേണ്ടത്. ഇത് മറയാക്കിയാണ് വ്യാജ ലിങ്ക് അയച്ചുകൊടുത്ത് തട്ടിപ്പിനുള്ള ശ്രമം.

എ.പി.കെ. ഫയൽ അപകടകാരി

ആൻഡ്രോയ്‌ഡ് ഉപകരണങ്ങളിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോഗിക്കുന്ന ഫയൽ ഫോർമാറ്റാണ് ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് (എ.പി.കെ.). ആൻഡ്രോയ്ഡ് കോഡ്, ചിത്രങ്ങൾ, മാനിഫെസ്റ്റ് ഫയൽ, ഐക്കൺ, ലേബലുകൾ തുടങ്ങിയവയെല്ലാമടങ്ങിയതാണ് എ.പി.കെ. ഫയൽ. ആപ്ലിക്കേഷനാവശ്യമായ വിവരങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണിവ. അതിനാൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്ന ഉപകരണത്തിലേക്ക് മാൽവേറുകളും വൈറസുകളുമെല്ലാം കടത്തിവിടാൻ ഇതിനാകും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!