അമേരിക്കൻ ഉപരോധം തുടർന്നാൽ ചെങ്കടലും പേർഷ്യൻ ഗൾഫും അടയ്ക്കും: ഭീഷണിയുമായി ഇറാൻ
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുകയാണെങ്കിൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകൾ തടയുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ കപ്പൽ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തുമെന്നാണ് ഇറാന്റെ ഭീഷണി.
“ഇറാന് എണ്ണ വിൽക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റാരെയും ഈ മേഖലയിലൂടെ വ്യാപാരം നടത്താൻ അനുവദിക്കില്ല” എന്ന കർശന നിലപാടാണ് ഇറാൻ സൈനിക വക്താക്കൾ സ്വീകരിച്ചിരിക്കുന്നത്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന സൂചനയും ഇറാൻ നൽകുന്നുണ്ട്. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും.
ഇറാന്റെ എണ്ണക്കപ്പലുകൾ അമേരിക്കൻ ഉപരോധം ഭയന്ന് തിരിച്ചോടുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. കഴിഞ്ഞ ദിവസം യുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ച ഒരു ഇറേനിയൻ ടാങ്കർ കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ ഹോർമുസ് കടലിടുക്കിൽ നിന്ന് തിരിച്ചോടേണ്ടി വന്നിരുന്നു. ചെങ്കടലിലെ ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണം നിലവിൽ തന്നെ ആഗോള വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്.
