മൈസൂർ മാണ്ഡ്യയിൽ വാഹനാപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
ബംഗളൂരു: മൈസൂർ മാണ്ഡ്യയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം. അരക്കിണർ സ്വദേശി കെ. ബാസിൽ, അരീക്കാട് സ്വദേശി പി.പി. ലിഫൈൻ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ മരിച്ച മൂന്നാമത്തെയാളായ പെൺകുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഇന്ന് രാവിലെ പത്തരമണിയോടെയാണ് അപകടമുണ്ടായത്. മൂന്നുപേരും വിദ്യാർഥികളാണ്.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം, റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ചുകയറുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് വാഹനത്തിനുള്ളിൽ നിന്ന് ഇവരെ പുറത്തെടുത്തത്. മരിച്ചവരുടെ മൃതദേഹങ്ങൾ മാണ്ഡ്യയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
