പറശ്ശിനി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും
തളിപ്പറമ്പ്: പറശ്ശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന ഉത്സവം ബുധനാഴ്ച ആരംഭിക്കുമെന്ന് മടപ്പുര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് രാവിലെ 9.24നും 9.49നും മധ്യേ പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് തന്പ്രാക്കൾ കൊടിയേറ്റും. ഉച്ചയ്ക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയാറാക്കിയ നിവേദ്യസാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും.
ഉച്ചകഴിഞ്ഞ് മൂന്നു മുതൽ മലയിറക്കൽ കർമവും തുടർന്ന് തയ്യിൽ തറവാട്ടുകാരുടെ പൂർവിക ആയോധന കലാഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടുകൂടി തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണപ്പകിട്ടാർന്ന കാഴ്ചവരവുകൾ മുത്തപ്പസന്നിധിയിൽ പ്രവേശിക്കും. സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടവും കൊടിയേറ്റും. അന്തിവേലയ്ക്ക് പറശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. തുടർന്ന് അപകടരഹിതമായ ഡിജിറ്റൽ വെടിക്കെട്ടുണ്ടായിരിക്കും.
ശേഷം പഞ്ചവാദ്യ സംഘത്തോടുസഹിതം കലശം എഴുന്നള്ളിച്ചു മടപ്പുരയിൽ പ്രവേശിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ 5.30ന് തിരുവപ്പന ആരംഭിക്കും. രാവിലെ 10 ഓടുകൂടി തയ്യിൽ തറവാട്ടുകാരെയും തുടർന്ന് വിവിധ ദേശങ്ങളിൽനിന്നും വന്ന കാഴ്ചവരവുകാരെയും മുത്തപ്പൻ അനുഗ്രഹിച്ചു യാത്രയയ്ക്കുന്നു. ഡിസംബർ ആറിന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും.
തുടർന്ന് എല്ലാ ദിവസങ്ങളിലും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടാകും. ഉത്സവത്തോടനുബന്ധിച്ച് ഡിസംബർ അഞ്ച്, ആറ് തീയതികളിൽ പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉൾപ്പെടുത്തി കഥകളിയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ എം.പി. വിനോദ് കുമാർ മടയൻ, മടപ്പുര ട്രസ്റ്റി അംഗങ്ങളായ പി. സജീവ്, പി.എം. സുജിത്ത്, ശരത്ത്, പ്രമോദ് എന്നിവർ പങ്കെടുത്തു.
