കണ്ണൂരിൽ വീണ്ടും സൈബർ തട്ടിപ്പ്: മൂന്ന് പേർക്ക് 13.5 ലക്ഷം രൂപ നഷ്ടം
കണ്ണൂർ:സൈബർ തട്ടിപ്പിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന്‌പേർക്ക് 13.5 ലക്ഷം രൂപ നഷ്ടമായി. ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ച രണ്ടു പേർക്കും ഫോൺ തനിയെ അപ്‌ഡേറ്റായതിനെ തുടർന്ന് പശ്ചിമബംഗാൾ സ്വദേശിക്കുമാണ് പണം നഷ്ടമായത്. പരാതികളിൽ കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തു.
വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗിലേക്ക് പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിനിക്ക് 5 ലക്ഷം രൂപയാണ് നഷ്ടമായത്. ഈ മാസം മൂന്നിന് പണം നഷ്ടമായ യുവതി കൊടാക്ക് നിയോ ഫ്‌ളാറ്റ്‌ഫോം എന്ന വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമായിരുന്നു. ഗ്രൂപ്പിലെ സന്ദേശം അനുസരിച്ച യുവതി ഒരാഴ്ച്ചയ്ക്കിടെ വിവിധ അക്കൗണ്ടുകളിലേക്ക് അഞ്ച് ലക്ഷം രൂപ അയക്കുകയായിരുന്നു. നിക്ഷേപിച്ച പണമോ ലാഭവിഹിതമോ തിരിച്ചു ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.
ഓൺലൈൻ ഷെയർ ട്രേഡിംഗിൽ നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയ പാലയാട് സ്വദേശിനിയായ നാൽപതുകാരിക്ക് 7,52,200 രൂപയാണ് നഷ്ടമായത്. ഫേസ്ബുക്കിൽ കണ്ട എഫ്.എക്‌സ് റോഡ് എന്ന ഓൺലൈൻ ഷെയർ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത ഇവർ 2025 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയക്കുകയായിരുന്നു. ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരിച്ചു കിട്ടാത്തതിനെ തുടർന്നാണ് പരാതിയുമായെത്തിയത്.
അപ്ഡേഷന് പിന്നാലെ അക്കൗണ്ടിലെ 98,888 രൂപ നഷ്ടമായി
പശ്ചിമ ബംഗാൾ സ്വദേശിയായ 24കാരന് 98,888 രൂപ നഷ്ടമായത് ഫോൺ സ്വയം അപ്‌ഡേറ്റ് ആയതിനെ തുടർന്നായിരുന്നു. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെയാണ് ഫോൺ അപ്‌ഡേറ്റായത്.പിന്നാലെ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ പണം പിൻവലിക്കുകയായിരുന്നു.
