31 പവൻ സ്വർണം മോഷ്ടിച്ച് മുക്കുപണ്ടം വച്ചു; വീട്ടുജോലിക്കാരിയെ കുടുക്കിയത് ഫോണിൽ സൂക്ഷിച്ച ചിത്രങ്ങൾ

Share our post

ഉളിക്കൽ : മണിക്കടവിൽ ജോലിക്കുനിന്ന വീട്ടിൽനിന്ന് 31 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വയനാട് പെരിയ സ്വദേശി ഉച്ചപ്പള്ളി പ്രേമയെ (50) ഉളിക്കൽ പൊലീസ് പിടികൂടി. ന്യായപ്പള്ളി ഈപ്പന്റെ വീട്ടിൽനിന്നാണു സ്വർണം മോഷ്ടിച്ചത്. ഈപ്പന്റെ മകൾ നിമ്മിയുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈപ്പനെയും ഭാര്യയെയും പരിചരിക്കാൻ 3 വർഷം മുൻപാണു പ്രേമ മണിക്കടവിലെ വീട്ടിലെത്തിയത്. ഭാര്യയുടെ മരണശേഷം ഈപ്പൻ മകൾക്കൊപ്പം കുറച്ചുനാൾ ബെംഗളൂരുവിലായിരുന്നു. ഈ സമയത്തായിരുന്നു മോഷണം.

അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന സ്വർണമെടുത്ത ശേഷം പകരം ഇതേ ഡിസൈനിലുള്ള മുക്കുപണ്ടം വയ്ക്കുകയായിരുന്നു. ഈപ്പനും കുടുംബവും നാട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. 30 ലക്ഷത്തോളം വിലവരുന്ന മാല, വള, നെക്‌ലസ്, മോതിരം, ലോക്കറ്റ്, പാദസരം തുടങ്ങിയവയാണ് മോഷ്ടിച്ചത്. സ്വർണാഭരണങ്ങൾക്ക് സമാനമായ മുക്കുപണ്ടങ്ങൾ കണ്ടെത്തുന്നതിനായി യഥാർഥ ആഭരണങ്ങളുടെയും മുക്കുപണ്ടത്തിന്റെയും ചിത്രങ്ങൾ പ്രതി ഫോണിൽ സൂക്ഷിച്ചതാണു കേസിൽ വഴിത്തിരിവായത്.

മോഷണവിവരം അറിഞ്ഞ വീട്ടുകാർ പ്രതിയോടു സംശയം തോന്നാത്ത വിധം പെരുമാറി, പ്രതിയുടെ ഫോൺ പരിശോധിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ പി.വി.രാജേഷ്, ടി.ജെ.ഷിജിമോൾ, കെ.കെ.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!