16 ലക്ഷത്തിന്റെ മോഷണമുതലുമായി നേപ്പാൾ, അസം സ്വദേശികൾ തലശേരിയിൽ പിടിയിൽ

Share our post

തലശ്ശേരി: വിദേശ കറൻസിയും സ്വർണാഭരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളുമടക്കം 16,85,840 രൂപ വിലമതിക്കുന്ന മോഷണമുതലുകളുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ തലശ്ശേരി പോലീസ് പിടികൂടി. നേപ്പാൾ പ്യൂത്താൻ ധർമപുരി സ്വദേശിയായ ഗോപാൽ കെ.സി. (22), അസം ലഖിംപൂർ സ്വദേശിയായ ദെബോജിത് ഡോലെ (24) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

രാത്രികാല പട്രോളിങ്ങിനിടെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ തലശ്ശേരി തിരുവങ്ങാട് അംശം ഇംബാല ലോഡ്ജിന് സമീപത്തുവെച്ചാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. തലശ്ശേരി എസ്.ഐ. നീതു തച്ചഞ്ചേരിയുടെ നേതൃത്വത്തിൽ പട്രോളിങ് നടക്കുന്നതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ ഇരുവരെയും കണ്ടത്.

പോലീസ് ജീപ്പ് കണ്ടതോടെ തിരിഞ്ഞു നടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോപാലിന്റെ കൈയിലുണ്ടായിരുന്ന ഷോൾഡർ ബാഗിൽ നിന്നും ദെബോജിത് ഡോലെയുടെ അരക്കെട്ടിൽ നിന്നുമായി മോഷണമുതലുകൾ കണ്ടെടുത്തത്.

15,00,000 വിലമതിക്കുന്ന 110.75 ഗ്രാം സ്വർണാഭരണങ്ങൾ, 1,10,000 ഇന്ത്യൻ കറൻസി, 40 കനേഡിയൻ ഡോളർ (20 ഡോളറിന്റെ രണ്ട് നോട്ടുകൾ), 50,000 വിലവരുന്ന ആപ്പിൾ കമ്പനിയുടെ മൊബൈൽ ഫോൺ, 20,000 വിലവരുന്ന ഏസർ കമ്പനിയുടെ ലാപ്ടോപ്പ്, 5,000 വിലവരുന്ന യാഷിക കമ്പനിയുടെ ക്യാമറ, 300 രൂപയുടെ വെള്ളി നിറത്തിലുള്ള മെറ്റൽ ബോക്‌സ് എന്നിവയാണ് പിടിച്ചെടുത്തത്.

മോഷണം ചെന്നൈയിൽ, വിൽക്കാൻ കേരളത്തിലേക്ക്

ചെന്നൈയിൽ മൂർത്തി എന്നയാളുടെ ഷട്ടർ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്ന ഗോപാൽ രാത്രി തൊട്ടടുത്തുള്ള വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം ബെംഗളൂരുവിൽ എത്തി.

ശേഷം, അവിടെയുള്ള പരിചയക്കാരനൊപ്പം മോഷണമുതൽ വിൽക്കാനായി കേരളത്തിലേക്ക് വരികയുമായിരുന്നു. ട്രെയിനിൽ പോലീസ് പരിശോധന കണ്ടതിനെ തുടർന്ന് ഭയന്ന ഇവർ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നുവെന്ന് ഇവർവെളിപ്പെടുത്തി. കടയുടമയുടെ ഫോൺ നമ്പറിൽ വിളിച്ച് പോലീസ് വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികൾക്കെതിരെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഭാരതീയ ന്യായ സംഹിത (BNS), 2023-ലെ 331(4), 334(1), 305(a), 3(5) വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഗ്രേഡ് എസ്.ഐ. ഷാജി കെ.യുടെ നേതൃത്വത്തിൽ കേസിന്റെ തുടരന്വേഷണം ആരംഭിച്ചിട്ടുള്ളതായി തലശ്ശേരി പോലീസ് അറിയിച്ചു. 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!