കുട്ടി ഡ്രൈവർമാർക്കെതിരെ സ്പെഷ്യൽ ഡ്രൈവ്; കണ്ണൂർ റേഞ്ചിൽ 51 കേസുകൾ
കണ്ണൂർ : പ്രായപൂർത്തിയാകാത്ത കുട്ടി ഡ്രൈവർമാർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിൽ ഒറ്റ ദിവസം നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു.കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്കിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു സ്പെഷ്യൽ ഡ്രൈവ്. പരിശോധനയിൽ കോഴിക്കോട് റൂറലിൽമാത്രം 14 കേസുകൾ റിപ്പോർട്ട് ചെയ്തു. കാസർകോട് ജില്ലയിൽ 13, കണ്ണൂർ സിറ്റിയിൽ 12, കണ്ണൂർ റൂറൽ 6, കോഴിക്കോട് സിറ്റി 5, വയനാട് 1 എന്നിങ്ങനെ കേസുകൾ കണ്ടെത്തി
ഇരുചക്ര, നാലു ചക്രവാഹനങ്ങളിലായി 14 വയസ് മുതൽ 18 വയസ് തികയാത്തവരാണ് സ്പെഷൽ ഡ്രൈവിൽ കുടുങ്ങിയത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ വാഹനങ്ങളിൽ എത്തുന്നതായും പരിശോധനയിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന ആർ.സി ഉടമകൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.
വരും ദിവസങ്ങളിലും പൊലീസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്
