കോളയാട്ട് സ്വയം വെടിയുതിർത്ത മധ്യവയസ്കനെതിരെ കേസ്
കോളയാട് : പാടിപ്പറമ്പിൽ ധാന്യമിൽ ഉടമ സ്വയം വെടിയുതിർത്ത സംഭവത്തിൽ വെടിയുതിർത്ത ജോസിനെതിരെ കണ്ണവം പോലീസ് കേസെടുത്തു. സംഭവസ്ഥലത്ത് കണ്ണവം പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്നും വാഹനത്തിൽ നിന്നുമായി രണ്ട് നാടൻ തോക്കുകളും തിരകളും പോലീസ് കണ്ടെടുത്തു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനയും നടത്തി.
പരിക്കേറ്റ ജോസ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജാസ്പത്രിയിൽ ചികിത്സയിലാണ്. ജോസ് വെടിയുതിർത്ത നാടൻ തോക്ക് ഉൾപ്പെടെയുള്ളവ ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയ്ക്ക് അയക്കും. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീട്ടിലെത്തി വിശദമായ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ജോസിനെതിരെ നിലവിൽ വധ ശ്രമത്തിനും തോക്ക് കൈവശം വെച്ചതിനുമടക്കം കണ്ണവം പോലീസ് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്. തോക്ക് കണ്ടെടുത്ത വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസിന് നാടൻ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടങ്ങി.
ജോസും ബിസിനസ് പങ്കാളി ഷാജിയും തമ്മിൽ ശനിയാഴ്ച തർക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. പരിക്കേറ്റ ഷാജി കണ്ണവം പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന്
പോലീസ് സംഘം സ്ഥലത്തെത്തി. ഈ സമയം മില്ലിലെ ജീവനക്കാരിയായ സ്ത്രീയെ വീട്ടിൽ ജോസ് ബന്ദിയാക്കി വച്ചിരിക്കുകയായിരുന്നു. പോലീസിന്റെ അനുനയ ശ്രമങ്ങൾക്കൊടുവിൽ വീടിന്റെ പിൻവശത്തെ ഗ്രിൽസ് തകർത്ത് ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. ഇതിനിടെ വീടിനകത്തേക്ക് കയറിയ ജോസ് സ്വയം വെടിയുതിർക്കുകയായിരുന്നു.
നെറ്റിക്കും ചെവിക്കുമിടയിലുള്ള ഭാഗത്ത് വെടിയേറ്റ ജോസിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇയാളുടെ ശരീരത്തിൽ നിന്നും വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്. കൂത്തുപറമ്പ് സി.ഐ. ടി.വി. പ്രതീഷിന്റെ നേതൃത്വത്തിൽ കണ്ണവം എസ്.ഐ. അനൂപ്. കെ. ഗോവിന്ദ്, എസ്.ഐ. മനോജ് കുമാർ, എ.എസ്.ഐ. കെ. പി.ബിജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
