സർക്കാർ മാറിയ ഉടൻ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതല്ല, കോടതി നിർദേശം പാലിക്കുകയാണ് ചെയ്തത്’: എൻ ഷംസുദ്ദീൻ

Share our post

കോഴിക്കോട്: സര്‍ക്കാര്‍ മാറിയ ഉടനെ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചതല്ലെന്നും കോടതി നിര്‍ദേശം പാലിക്കുകയാണ് ചെയ്തതെന്നും വഖഫ് മന്ത്രി എന്‍ ഷംസുദ്ദീന്‍. കാലാവധി പൂര്‍ത്തിയാക്കാതെ വഖഫ് ബോര്‍ഡ് ഭരണസമിതിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വഖഫ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. മാത്രമല്ല അത് പരിഹരിക്കാന്‍ നിര്‍ദേശവും നല്‍കി. ആ നിര്‍ദേശം നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും എന്‍ ഷംസുദ്ദീന്‍ വിശദീകരിച്ചു. നിലവിലെ വഖഫ് ബോര്‍ഡിന് എതിരെയുള്ള ഹര്‍ജി കോടതി നിരുപാധികം തള്ളിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം കാന്തപുരം വിഭാഗത്തിന്റെ പരാതിയെ കുറിച്ചും മന്ത്രി പ്രതികരിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുമെന്നും കാറ്റഗറി അടിസ്ഥാനത്തില്‍ നിയമനം നടത്തിയപ്പോള്‍ ചില പരിമിതികള്‍ ഉണ്ടായെന്നും മറ്റ് ബോര്‍ഡ് നിയമനങ്ങള്‍ വരുമ്പോള്‍ പരാതികളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലാവധി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കേ കെ എസ് ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉയര്‍ത്തിയത്. വഖഫ് നിയമപ്രകാരം കാലാവധി തീരാതെ ഭരണസമിതിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ലെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചത്.

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ലീഗ് നേതാവ് റഷീദലി തങ്ങള്‍ ചെയര്‍മാനായ ബോര്‍ഡിനെ പിരിച്ചുവിടാതെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചു. എന്നാല്‍ ആ ജനാധിപത്യ മര്യാദ യുഡിഎഫ് കാട്ടിയില്ല. പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം ചില വിഭാഗം അംഗങ്ങളെ ഉള്‍പ്പെടുത്താനായി പുനഃസംഘടിപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതി പരിഗണിച്ചത്. സുപ്രീംകോടതിയിലെ കേസ് കഴിഞ്ഞ ശേഷം അക്കാര്യം തീരുമാനിക്കുന്ന മുന്‍ സര്‍ക്കാര്‍ നിലപാടല്ല യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകര്‍ക്കുന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഹൈക്കോടതി വഖഫ് ബോര്‍ഡ് പിരിച്ചുവിടണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് ഭരണസമിതിയെ കാലാവധിക്ക് മുമ്പേ നിയമവിരുദ്ധമായി പാടെ പിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോര്‍ഡ് പിരിച്ചുവിട്ട നടപടി സര്‍ക്കാര്‍ അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാര്‍ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!