ഫാർമസിസ്റ്റില്ല; പേരാവൂരിലെ സഞ്ചരിക്കുന്ന ട്രൈബൽ മെഡിക്കൽ യൂനിറ്റിന്റെ സേവനം നിലച്ചു
പേരാവൂർ: മലയോരമേഖലയിലെ ആദിവാസി ഊരുകളിലെ രോഗികൾക്ക്ആശ്രയമായിരുന്ന സഞ്ചരിക്കുന്നട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം നിലച്ചിട്ട് ഒരാഴ്ചയാവുന്നു. യൂണിറ്റിലെ ഫാർമസിസ്റ്റ് സ്ഥലം മാറ്റം ലഭിച്ച് പോയതിന് ശേഷം പകരം ഫാർമസിസ്റ്റിനെ നിയമിക്കാത്തതാണ് സേവനം നിലക്കാൻ കാരണം. ജില്ലയിലെ മൂന്ന് ബ്ലോക്കുകളിലായുള്ള 51 ആദിവാസി ഊരുകളിലെ രോഗികളാണ്ഇതോടെ ദുരിതത്തിലായത്.
കൊട്ടിയൂർ, പെരുവ, കീഴ്പ്പള്ളി, തില്ലങ്കേരി, കരിക്കോട്ടക്കരി, കണിച്ചാർ, മുഴക്കുന്ന്, വള്ളിത്തോട്, ഊരത്തൂർ, പേരാവൂർ, കേളകം, ഇരിട്ടി, അങ്ങാടിക്കടവ്, ഉളിക്കൽ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലെ വാഹനസൗകര്യമില്ലാത്ത ഊരുകളിലെ ജീവിത ശൈലീരോഗികൾക്കും കിടപ്പുരോഗികൾക്കും യൂണിറ്റിൻറെ സേവനം ഉപകാരപ്രദമായിരുന്നു.
പകർച്ചവ്യാധികളാലും ജലജന്യരോഗങ്ങളാലും കൊതുകുജന്യരോഗങ്ങളാലും ഒട്ടേറെ പേർ ഊരുകളിൽ പുറത്തിറങ്ങാനാവാതെ കഴിയുന്നുണ്ട്. യൂണിറ്റ് സേവനം മുടക്കമില്ലാതെ ലഭിച്ചിരുന്നതിനാൽ ഊരുകളിലെ കിടപ്പ് രോഗികളുടെ എണ്ണം നാമമാത്രമായിരുന്നു. എന്നാൽ, സേവനം നിലച്ചതോടെ ഇത്തരം രോഗികളുടെ എണ്ണം കൂടിയെന്നാണ് വിവരം. പകരം ജീവനക്കാരെ നിയമിക്കാൻ ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അതേസമയം, യൂണിറ്റിന്റെ സേവനം സാങ്കേതികമായി നിലച്ചെങ്കിലുംസെപ്തംബറിൽ90 ശതമാനത്തോളം ഡ്യൂട്ടിയും നിർവഹിച്ചിട്ടുണ്ടെന്ന് ആസ്പത്രി സൂപ്രണ്ട് മനേഷ് ചെറുതാഴം പറഞ്ഞു. ഫാർമസിസ്റ്റിനെ അടുത്ത ദിവസം തന്നെ ലഭ്യമാവുമെന്നും യൂണിറ്റിന്റെ സേവനം ഉടനെ പുന:രാരംഭിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
