കെഎസ്ആർടിസി കാർഗോ സേവനത്തിലേക്ക്; ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ

Share our post

തിരുവനന്തപുരം: കെഎസ്ആർടിസി വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനങ്ങൾ കൂടി ഉൾപ്പെടുത്തുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു.

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രി സി.പി ജോണിന്റെ നിർദേശത്തെ തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് കടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കാർഗോ സംവിധാനത്തിലൂടെ മികച്ച വരുമാനം നേടിവരുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കാർഗോ സേവനങ്ങളുടെ പ്രവർത്തനരീതി, സാധ്യതകൾ എന്നിവ പഠിച്ച് കേരളത്തിലെ ഈ മേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ മൂന്നിന് വൈകുന്നേരം നാല് മണി വരെയാണ്. ടെൻഡറുമായി ബന്ധപ്പെട്ട യോഗ്യതാമാനദണ്ഡങ്ങൾ, നിബന്ധനകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ www.etenders.kerala.gov.in, www.keralartc.com എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഇ-മെയിൽ: etendershelp@kerala.gov.in.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!