ആറുമാസമായി റേഷൻ വാങ്ങാത്ത കാർഡുകൾ മരവിപ്പിക്കുന്നു; ബാധിക്കുക ആറുലക്ഷത്തോളം കാർഡുകളെ

Share our post

കാളികാവ്: പൊതുവിതരണസമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ വിവിധ പരിഷ്കാരങ്ങൾ നിർദേശിച്ചു. ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി മരവിപ്പിക്കുക, കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഒരാൾ ഒന്നിലേറെ റേഷൻ കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും എല്ലാ കാർഡുകളിലും മൊബൈൽ ഫോൺ നമ്പർ ചേർക്കണമെന്നും നിർദേശമുണ്ട്.

ഇതിന്റെ ഭാഗമായി കേരളത്തിൽ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 6,06,773 കാർഡുകൾ മരവിപ്പിക്കും. ആദ്യഘട്ടത്തിൽ 44,279 മുൻഗണനാ കാർഡുകളാണ് മരവിപ്പിക്കുക. ഇതിൽ 5,370 മഞ്ഞ കാർഡുകളും 38,909 പിങ്ക് കാർഡുകളുമുണ്ട്.

പിന്നാലെ, മുൻഗണനേതര വിഭാഗത്തിൽ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 5,62,494 കാർഡുകളും മരവിപ്പിക്കും. ഇതിൽ 4,40,811 വെള്ള കാർഡുകളും 1,21,683 നീല കാർഡുകളുമാണുള്ളത്. മരവിപ്പിക്കുന്ന കാർഡിലെ എല്ലാ അംഗങ്ങളും മൂന്നുമാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കിയാൽ വീണ്ടും റേഷൻ വാങ്ങാം.

എല്ലാ റേഷൻ കാർഡുകളിലും അംഗങ്ങളുടെ മൊബൈൽ ഫോൺ നമ്പർ ചേർക്കണം. സെപ്റ്റംബർ 30-നകം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൺ പോർട്ടൽ, ജനസേവാ കേന്ദ്രങ്ങൾ എന്നിവവഴി നമ്പർ ചേർക്കാം. ഇതിൽ വീഴ്ച വരുത്തിയാലും നടപടിയുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!