കാസർകോട് തൂഫാൻ കേസ്; പ്രതികളുടെ ദുരൂഹ സാമ്പത്തിക സ്രോതസിൽ അന്വേഷണമില്ല
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായ കാസര്‍കോട് ലഹരി കേസില്‍ പ്രതികളുടെ ദുരൂഹ സാമ്പത്തിക സ്രോതസില്‍ ഇതുവരേയും അന്വേഷണമില്ല. മൊബൈല്‍ കടകളില്‍ പണം എത്തിച്ചാണ് പ്രതികളായ ഹുസൈനും സൈനുല്‍ ആബിദും സാമ്പത്തിക ഇടപാട് നടത്തിയത്. പ്രതികള്‍ക്കായി കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ പിന്‍വലിച്ചതിലും ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ കൃത്യമായി ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുള്ള മുഹമ്മദ് ഹുസൈന് ഉള്‍പ്പടെ ലഹരി മരുന്ന് വാങ്ങുന്നതിനായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളാണ് നടത്തിയത്. ഇതിനായി എറണാകുളത്തെ നിരവധി മൊബൈല്‍ ഷോപ്പുകളെ ഉപയോഗിച്ചു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മൊബൈല്‍ കടകളില്‍ പണം നേരിട്ട് എത്തിച്ച് അവിടെ നിന്ന് ലഹരി സംഘങ്ങള്‍ക്ക് അയച്ചുനല്‍കും. പണം കൈമാറുന്നതിന്റെ വിവരങ്ങള്‍ പുറത്തറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. പെരുമ്പാവൂര്‍ ഉള്‍പ്പടെ നിരവധി മൊബൈല്‍ ഷോപ്പുകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ലഹരി മരുന്ന് എത്തിച്ചുനല്‍കിയ റിയക്ക് നേരിട്ടും പ്രതികള്‍ പണം നല്കി. ഈ വിവരങ്ങള്‍ പൊലീസിന് ലഭിച്ചെങ്കിലും പ്രതികളുടെ ദുരൂഹമായ സാമ്പത്തിക സ്രോതസിലേക്ക് അന്വേഷണം ഉണ്ടായിട്ടില്ല. പ്രതികള്‍ക്ക് ഇത്രയും പണം എങ്ങനെ ലഭിച്ചു എന്നതിലും വ്യക്തതയില്ല.
അതിനിടെ കോടതിയില്‍ മുഹമ്മദ് ഹുസൈന് ഉള്‍പ്പടെ മൂന്ന് പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാനാണ് ജാമ്യാപേക്ഷ വൈകിപ്പിക്കുന്നത് എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ ഇരിക്കെയാണ് അപേക്ഷ പിന്‍വലിച്ചത്. കഴിഞ്ഞ 41 ദിവസമായി പ്രതികള്‍ ജയിലിലാണ്.
