യുപിഐ ഇടപാടിന് ഫീസ്: തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: 2,000 രൂപക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന്് കേന്ദ്ര സർക്കാർ. പി. ചിദംബരം ഉൾപ്പെടെ അഞ്ച് കോൺഗ്രസ് എംപിമാർ അടങ്ങിയ ധനകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചതെന്നും, സമിതിയുടെ മിനിറ്റ്സിൽ കോൺഗ്രസ് എംപിമാർ ഇതിനെതിരെ യാതൊരു വിയോജിപ്പും രേഖപ്പെടുത്തിയിരുന്നില്ലെന്നുമാണ് ബിജെപി വാദം. സ്വന്തം പാർട്ടിയിലെ എംപിമാർ പാർലമെന്റിനുള്ളിൽ പിന്തുണച്ച ഒരു കാര്യത്തെ രാഹുൽ ഗാന്ധിയും കോൺഗ്രസും എന്തിനാണ് ഇപ്പോൾ എതിർക്കുന്നതെന്നും ബിജെപി ചോദിക്കുന്നു.
അതേസമയം കേന്ദ്ര സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും, കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് വേണ്ടിയാണ് ഇത്തരം നടപടികളെന്നും കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി യുഎസ് സമ്മർദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഇടത് പാർട്ടികൾ ഉൾപ്പെടെ പ്രതിപക്ഷത്തെ മറ്റു കക്ഷികളും തീരുമാനത്തിൽ ശക്തമായ വിയോജിപ്പ് അറിയിക്കുകയും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
2,000ന് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് വരുന്നത് വ്യാപാരികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വ്യാപാരികൾ ഈ ചെലവ് ഉപഭോക്താക്കളിലേക്ക് മാറ്റുകയാണെങ്കിൽ, അത് സാധാരണക്കാരെ ബാധിക്കുകയും ഡിജിറ്റൽ ഇടപാടുകളിൽ നിന്ന് ആളുകൾ വീണ്ടും കറൻസി ഉപയോഗത്തിലേക്ക് മടങ്ങാൻ ഇടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുപിഐ ഇടപാടിന് ഫീസ് ഈടാക്കുന്നതിനെതിരെ അഭിഭാഷകനായ അഞ്ജൻ ദത്ത സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പൊതുജനങ്ങളുമായും ബന്ധപ്പെട്ടവരുമായും സുതാര്യമായ കൂടിയാലോചനകൾ നടത്തിയ ശേഷവും പഠനങ്ങൾ വിലയിരുത്തിയ ശേഷവും മാത്രമേ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാവൂ എന്നാണ് ഹരജിയിലെ ആവശ്യം.
