എന്തൊരു സീറ്റാണിത് !നടുവൊടിയും; ലുക്ക് മാറിയിട്ടും യാത്രാദുരിതത്തിന് മാറ്റമില്ല, ജനശതാബ്ദിക്കെതിരെ പരാതി പ്രളയം

Share our post

തിരുവനന്തപുരം: കേരളത്തിലെ ജനപ്രിയ ട്രെയിനുകളൊന്നാണ് ജനശതാബ്ദി. എന്നാൽ രൂപമാറ്റം വരുത്തിയതോടെ വ്യാപക പരാതികളാണ് ട്രെയിൻ സര്‍വീസുകൾക്കെതിരെ ഉയരുന്നത്. ജനശതാബ്ദി എക്‌സ്പ്രസുകൾ കൂടുതൽ ആധുനികമായ എൽഎച്ച്ബി (Linke-Hofmann-Busch) കോച്ചുകളിലേക്ക് മാറ്റിയതോടെയാണ് പരാതി പ്രവാഹം. അസ്വസ്ഥതയുണ്ടാക്കുന്ന സീറ്റുകൾ, കൃത്യതയില്ലാത്ത ടോയ്‌ലറ്റ് രൂപകൽപന, തീവണ്ടികളുടെ സമയനിഷ്ഠയില്ലായ്മ തുടങ്ങിയവയാണ് യാത്രക്കാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങൾ.

2002-ൽ തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിലാണ് വലിയ ആഘോഷങ്ങളോടെ കേരളത്തിൽ ജനശതാബ്ദി സർവീസുകൾ ആരംഭിച്ചത്. മെച്ചപ്പെട്ട സൗകര്യങ്ങളും യാത്രാസുഖവും ഉറപ്പുനൽകുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ മേയ് മാസത്തിൽ ജനശതാബ്ദി തീവണ്ടികൾ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറ്റിയത്.

എന്നാൽ പുതിയ കോച്ചുകളിൽ ചാരിയിരിക്കാൻ പറ്റാത്ത വിധം സീറ്റുകൾ കുത്തനെ നിർമ്മിച്ചിരിക്കുന്നത് യാത്രാദുരിതം ഇരട്ടിയാക്കുന്നു. ദിവസേന യാത്ര ചെയ്യുന്നവരെയാണ് ഈ പ്രശ്നം കൂടുതൽ ബാധിക്കുന്നത്. സംസ്ഥാനത്തെ രണ്ട് പ്രധാന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകളായതിനാൽ ഈ പ്രശ്നം വളരെ ഗുരുതരമാണ്. കണ്ണൂർ-തിരുവനന്തപുരം സർവീസ് ഏകദേശം 500 കിലോമീറ്ററും കോഴിക്കോട്-തിരുവനന്തപുരം സർവീസ് ഏകദേശം 399 കിലോമീറ്ററുമാണ് സർവീസ് നടത്തുന്നത്.

അതേസമയം, ട്രെയിനുകളുടെ സമയനിഷ്ഠയില്ലായ്മയും പ്രതിസന്ധിയാകുന്നുണ്ട്.ആഗസ്റ്റ് മാസത്തിൽ ടിഎൻഐഇ സംഘം കൊല്ലം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് ജനശതാബ്ദിയിൽ നടത്തിയ രണ്ട് യാത്രകളിലും ട്രെയിൻ 30 മിനിറ്റോളം വൈകിയിരുന്നു. കോച്ചുകളിലെ ടോയ്‌ലറ്റുകളെക്കുറിച്ചും യാത്രക്കാർക്ക് പരാതിയുണ്ട്. തെറ്റായ രൂപകൽപന കാരണം ടോയ്‌ലറ്റുകൾക്കുള്ളിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണെന്ന് യാത്രക്കാർ പറയുന്നു.

അതേസമയം, റെയിൽവേ കോച്ചുകൾ നിർമ്മിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) അധികൃതർ നൽകുന്ന വിശദീകരണം വ്യത്യസ്തമാണ്. ഇത്തരം കോച്ചുകൾ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച് ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയതാണെന്നും നിലവിൽ ഇത്തരത്തിലുള്ളവ നിർമ്മിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.

ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമിച്ച എൽഎച്ച്ബി കോച്ചുകൾ പരമ്പരാഗതമായ ഐസിഎഫ് കോച്ചുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നായിരുന്നു റെയിൽവെയുടെ അവകാശവാദം. അപകടമുണ്ടായാൽ കോച്ചുകൾ ഒന്നിനുമുകളിൽ ഒന്നായി കയറില്ല.ഇത് അപകടത്തിന്‍റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമിക്കുന്നതിനാൽ ഇവയ്ക്ക് ഭാരം കുറവാണ്. ഇത് ട്രെയിനിന് കൂടുതൽ വേഗത കൈവരിക്കാൻ സഹായിക്കുന്നു.

മികച്ച സൗണ്ട് ഇൻസുലേഷൻ ഉള്ളതിനാൽ കോച്ചിനുള്ളിൽ ശബ്ദം വളരെ കുറവായിരിക്കും.ഡിസ്ക് ബ്രേക്കുകൾ ഉപയോഗിക്കുന്നതിനാൽ അതിവേഗത്തിൽ പോകുമ്പോഴും പെട്ടെന്ന് നിർത്താൻ സാധിക്കും.വലിയ ജനാലകളും കൂടുതൽ സ്ഥലസൗകര്യവുമുള്ള സീറ്റുകളും യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നു…തുടങ്ങി അവകാശ വാദങ്ങളോടെയായിരുന്നു പുത്തൻ ലുക്കിൽ ജനശതാബ്ദി ട്രാക്കിലിറങ്ങിയത്. എന്നാൽ ആദ്യ ദിവസം മുതൽ പരാതികളുടെ പെരുമഴയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!