മട്ടനും മീനും വേണ്ട, ചിക്കനും സോയയും നൽകാം; തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റംവരുത്തുന്നു
തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റംവരുത്താൻ ജയിൽവകുപ്പിന്റെ ശുപാർശ. വർഷം 5.7 കോടി രൂപ ലാഭിക്കാനാവുമെന്ന് ജയിൽവകുപ്പ് മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പിന് നൽകിയ കത്തിൽ പറയുന്നു.
ചെലവുകുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് മെനു പരിഷ്കരണം.മട്ടനും മീനും ഒഴിവാക്കണമെന്നതാണ് പ്രധാനശുപാർശ. പകരം കോഴിക്കറി, സോയ ചങ്ക്സ്, മുട്ട എന്നിവ നൽകാം. മട്ടൺ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം അടക്കമുള്ളമുള്ളവയ്ക്കും ജീവിതശൈലീരോഗങ്ങൾക്കും കാരണമാകുന്നതായും ചൂണ്ടിക്കാട്ടുന്നു. മട്ടനും മീനും വാങ്ങാനും സംഭരിക്കാനും ബുദ്ധിമുട്ടുമുണ്ട്.
ഒരുവർഷം മട്ടൻ വാങ്ങാൻ 5.72 കോടി രൂപയും മീനിന് 4.8 കോടിയുമാണ് ചെലവഴിക്കുന്നത്. കോഴിവാങ്ങാൻ 1.26 കോടിയും സോയാ ചങ്ക്സിനും മുട്ടയ്ക്കും കൂടി 3.4 കോടിയും മാത്രമേ ചെലവുവരൂ. നിലവിൽ തിങ്കളാഴ്ചയും ബുധനാഴ്ചയും ഉച്ചഭക്ഷണത്തിന് മീനും ശനിയാഴ്ച മട്ടനുമാണ് നൽകുന്നത്. മാംസാഹാരം നൽകുന്ന ദിവസങ്ങളിൽ ഇത് കഴിക്കാത്തവർക്ക് പച്ചക്കറികൾ കൊണ്ടുള്ള കറികളും നൽകും. ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഭക്ഷണവും നൽകും.
