പുതിയ 108 ആംബുലൻസുകൾ ഉടൻ നിരത്തിലേക്ക്; പഴയ വാഹനങ്ങൾ പിൻവലിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി എത്തിച്ച 108 ആംബുലൻസുകളുടെ പ്രീ-ഡെലിവറി പരിശോധന അന്തിമഘട്ടത്തിൽ. രജിസ്ട്രേഷൻ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ പുതിയ ആംബുലൻസുകൾ ഉടൻ സർവീസിന്റെ ഭാഗമാകും. ഇതോടെ നിലവിൽ സർവീസ് നടത്തുന്ന പഴയ 108 ആംബുലൻസുകൾ നിരത്തുകളിൽ നിന്ന് പിൻവലിക്കും.
108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 335 പുതിയ ആംബുലൻസുകളാണ് വിന്യസിക്കുന്നത്. നിലവിലെ 108 ആംബുലൻസുകൾ ആറുവർഷം മുമ്പാണ് പദ്ധതിയുടെ ഭാഗമായത്. പുതിയ വാഹനങ്ങൾ സർവീസിൽ എത്തുന്നതോടെ പഴയ വാഹനങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കും.
ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പുതിയ ആംബുലൻസുകൾ ഘട്ടംഘട്ടമായി തിരുവനന്തപുരത്ത് എത്തിച്ചത്. നിലവിൽ ഐരാണിമുട്ടം ഹോമിയോ ഫാർമസി ഗ്രൗണ്ടിലും പുലയനാർകോട്ട ആശുപത്രി പരിസരത്തുമാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. ഇവയിൽ ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതും സ്റ്റിക്കറുകൾ പതിപ്പിക്കുന്നതുമായ നടപടികൾ പുരോഗമിക്കുകയാണ്.
335 ആംബുലൻസുകളിൽ 315 എണ്ണം ബേസിക് ലൈഫ് സപ്പോർട്ട് വിഭാഗത്തിലും 14 എണ്ണം വെന്റിലേറ്റർ സൗകര്യമുള്ള അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് വിഭാഗത്തിലുമാണ്. നവജാത ശിശുക്കൾക്കായി ആറ് നിയോനേറ്റൽ ആംബുലൻസുകളും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം സംവിധാനങ്ങളുള്ള ആംബുലൻസുകൾ ആദ്യമായാണ് കേരളത്തിൽ 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറക്കുന്നത്.
