പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തിരുവനന്തപുരം: പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27)നെയാണ് ശ്രീകാര്യം പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീകാര്യം പോലീസ് പ്രതിയെ പിടികൂടിയത്.
ഓഗസ്റ്റ് 3-ന് പശ്ചിമബംഗാളിലെ അലിപ് ദോർ ജില്ലയിലാണ് കൊലപാതകം നടന്നത്. പ്രശത്ത് ജിത്ത് ദാസ്, പിതാവ് സഞ്ജയ് ദാസിനെയാണ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് ഉഷാറാണി സഞ്ജയ് ദാസിന്റെ തലയ്ക്ക് അടിച്ചു. ഇത് കണ്ടുവന്ന മകൻ പ്രശത്ത് ജിത്ത് ദാസ് തടിക്കഷണം ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയേറ്റ് നിലത്ത് വീണ സഞ്ജയ് ദാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തുടർന്ന് പശ്ചിമ ബംഗാളിലെ ഫലാക്കാട്ട പോലീസ് ഉഷാ റാണിയെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ മകനായ പ്രശത്ത് ജിത്ത് ദാസ് രക്ഷപ്പെട്ടു. നേരത്തെ ശ്രീകാര്യത്ത് ജോലി ചെയ്തിരുന്ന പ്രശത്ത് ജിത്ത് ദാസ് ഇവിടേക്ക് തിരിച്ചെത്തി.
പ്രതി കേരളത്തിലേക്ക് രക്ഷപ്പെട്ട് എത്തിയെന്ന വിവരം ഫലാക്കാട്ട പോലീസ് ശ്രീകാര്യം പോലീസിനോട് വിവരം അറിയിച്ചു. പ്രതിയുടെ ചിത്രവും വീഡിയോയും സഹിതം ശ്രീകാര്യം പോലീസിന് അയച്ചു. ഇന്നലെ രാത്രി ഇയാൾ ശ്രീകാര്യത്ത് എത്തിയതായി പോലീസിനെ വിവരം ലഭിച്ചു.
ഇയാളെ തിരക്കി താമസിക്കുന്ന സ്ഥലത്ത് എത്തിയെങ്കിലും അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. പോലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മഫ്തിയിൽ എത്തി പ്രതിയെ പിടികൂടിയത്. പശ്ചിമ ബംഗാൾ പോലീസ് കേരളത്തിൽ എത്തി പ്രതിയെ ഏറ്റുവാങ്ങുമെന്ന് കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർ എസ് വൈ സുരേഷ് പറഞ്ഞു.
