കേരളം എന്ന് പേര് മാറ്റാന്‍ പാഴ്‌ചെലവ് വേണ്ട; സര്‍ക്കുലര്‍ ഇറക്കി ചീഫ് സെക്രട്ടറി

Share our post

തിരുവനന്തപുരം: കേരള എന്നത് കേരളം എന്ന് മാറ്റാന്‍ പാഴ്‌ചെലവ് വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുതെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇംഗ്ലീഷില്‍ ‘M’ എന്നും മലയാളത്തില്‍ ആണെങ്കില്‍ ‘o’ എന്നും മഷികൊണ്ട് ചേര്‍ക്കാം. ഓഫീസ് നെയിം ബോര്‍ഡുകളും ഫലകങ്ങളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും പേരുമാറ്റത്തിന് വേണ്ടി മാത്രമായി പണം ചെലവാക്കരുത് എന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ശനിയാഴ്ചയായിരുന്നു ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാര്‍ പേരുമാറ്റം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. കേരള എന്ന് രേഖപ്പെടുത്തിയ ലെറ്റര്‍ഹെഡ്, കവര്‍, ഫോം, രജിസ്റ്റര്‍, ഫയല്‍ എന്നിവ പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. അച്ചടിച്ച സ്റ്റേഷണറി സാമഗ്രികള്‍ സ്റ്റോക്ക് പൂര്‍ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തണം. നിലവിലുള്ള സ്‌റ്റോക്ക് ഉപേക്ഷിക്കുകയോ പുതിയതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

നിലവിലുള്ള ഔദ്യോഗിക മുദ്ര, റബ്ബര്‍ സ്റ്റാമ്പ് അടക്കം മാറ്റേണ്ട സാഹചര്യം ഉണ്ടാകും വരെ ഉപയോഗിക്കാം. സൂചനാ ബോര്‍ഡുകളും ഓഫീസ് നെയിം ബോര്‍ഡുകളും അടക്കം മാറ്റി സ്ഥാപിക്കേണ്ടതില്ല. സാങ്കേതികമായി സാധ്യമായ ഇടത്ത് അധികമായി അക്ഷരം ചേര്‍ക്കാം. സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ സാമ്പത്തിക ബാധ്യത ഇല്ലാത്ത വിധം പേര് മാറ്റാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!