കോൾ വരുമ്പോൾ തന്നെ എല്ലാ വിവരങ്ങളും സ്ക്രീനിൽ തെളിയും, ഓൺലൈൻ തട്ടിപ്പുകൾക്ക് ശക്തമായ തടയിടാൻ വാട്‌സാപ് ഫീച്ചർ!

Share our post

ഡിജിറ്റൽ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പുമായി ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്. ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ വർധിപ്പിക്കുന്നതിനും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും അജ്ഞാത കോളുകളിൽ നിന്നും സംരക്ഷണം നൽകുന്നതിനുമായി പുതിയ ഒരു കൂട്ടം സെക്യൂരിറ്റി, പ്രൈവസി ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബയോമെട്രിക് പാസ്‌കീകൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് പിന്നാലെയാണ് കൂടുതൽ കരുത്തുറ്റ ‘ടു-ഫാക്ടർ ഓതെന്റിക്കേഷനും’ (2FA) സ്മാർട് ‘കാൾ സ്ക്രീനിങ്’ സംവിധാനവും വാട്‌സാപ് പുറത്തിറക്കുന്നത്.

∙100 കോടി കടന്ന് പാസ്‌കീ ഉപയോക്താക്കൾ

2023 ൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുകയും 2024ൽ ഐഒഎസ് പതിപ്പുകളിലേക്ക് വിപുലീകരിക്കുകയും ചെയ്ത പാസ്‌കീ ഫീച്ചർ നിലവിൽ 100 കോടിയിലധികം പേർ സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റ അറിയിച്ചു. പരമ്പരാഗത എസ്എംഎസ് ഒടിപി മെസേജുകളെ ആശ്രയിക്കാതെ ഫോണിന്റെ ഫിംഗർപ്രിന്റ്, ഫേസ് ഐഡി അല്ലെങ്കിൽ സ്ക്രീൻ ലോക്ക് പാസ്‌കോഡ് എന്നിവ ഉപയോഗിച്ച് വാട്‌സാപ്പിലേക്ക് സുരക്ഷിതമായി ലോഗിൻ ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണിത്.

ഇതിനു പുറമേ, ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിലേക്ക് ഒന്നിലധികം പാസ്‌കീകൾ ചേർക്കാനുള്ള പുതിയ സൗകര്യവും മെറ്റ നൽകുന്നുണ്ട്. ഒറ്റ വാട്‌സാപ് അക്കൗണ്ട് തന്നെ ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ഒരേസമയം ഉപയോഗിക്കുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഓരോ ഡിവൈസിനും അനുയോജ്യമായ പ്രത്യേക പാസ്‌കീകൾ സെറ്റ് ചെയ്യുന്നതിനായി വാട്‌സാപ് സെറ്റിങ്സിലെ ‘Account Settings > Passkeys’ എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.

∙ശക്തമായ ആൽഫാന്യൂമറിക് 2എഫ്എ പാസ്‌വേഡ്

നിലവിൽ വാട്‌സാപ് അക്കൗണ്ട് റജിസ്ട്രേഷൻ വേളയിലും മറ്റും സുരക്ഷ ഉറപ്പാക്കാൻ 6 അക്ക സംഖ്യാ പിൻ (6-digit PIN) ഉപയോഗിച്ചുള്ള ടു-സ്റ്റെപ്പ് വെരിഫിക്കേഷനാണ് ലഭ്യമായിരുന്നത്. എന്നാൽ ഇനി മുതൽ ഉപയോക്താക്കൾക്ക് ഇതിനു പകരം കുറച്ചുകൂടി സങ്കീർണവും ദൈർഘ്യമേറിയതുമായ ആൽഫാന്യൂമറിക് പാസ്‌വേഡുകൾ ക്രമീകരിക്കാം. അക്ഷരങ്ങളും അക്കങ്ങളും പ്രത്യേക സിംപലുകളും (Special Characters – ഉദാഹരണത്തിന്: @, #, $) ഉൾപ്പെടുത്തി കൂടുതൽ സുരക്ഷിതമായ പാസ്‌വേഡ് നിർമിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇത് വഴി ഹാക്കർമാർ അക്കൗണ്ട് ഹാക്ക് ചെയ്യുന്നതും ‘സിം സ്വപ്പിങ്’ പോലുള്ള ആക്രമണങ്ങളും തടയാനാകും.

∙അജ്ഞാത കോളുകൾ തിരിച്ചറിയാൻ സ്മാർട് ‘കാൾ സ്ക്രീനിങ്’

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്‌സാപ് വികസിപ്പിച്ച പുതിയ ‘കാൾ സ്ക്രീനിങ്’ സൗകര്യം തട്ടിപ്പുകാർക്ക് വലിയ തിരിച്ചടിയാകും. സേവ് ചെയ്യാത്ത അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ വരുമ്പോൾ, കോൾ അറ്റൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ ആ നമ്പറിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ സ്ക്രീനിൽ തെളിയും. ഏത് രാജ്യത്ത് നിന്നാണ് കോൾ വരുന്നത്? (Country of Origin), വിളിക്കുന്ന വ്യക്തിയുമായി നിങ്ങളേതെങ്കിലും പൊതുവായ ഗ്രൂപ്പുകളിൽ (Mutual Group) അംഗമാണോ? തുടങ്ങി വിവരങ്ങൾ‍ ലഭിക്കും.

വ്യക്തിഗത ഡേറ്റ ചോർത്തിയും ഭയപ്പെടുത്തിയും അപരിചിതരിൽ നിന്ന് പണം തട്ടുന്ന സൈബർ കുറ്റകൃത്യങ്ങൾ വലിയ രീതിയിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. കോളിന്റെ പശ്ചാത്തലവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയ ശേഷം മാത്രം കോൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് ഉപയോക്താവിന് ഇനി തീരുമാനിക്കാം.

∙പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

സ്വകാര്യതയ്ക്കും അക്കൗണ്ട് സെക്യൂരിറ്റിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ അപ്‌ഡേറ്റുകൾ വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി എല്ലാ ഉപയോക്താക്കളിലേക്കും എത്തും. വരും കാലങ്ങളിൽ ഡിജിറ്റൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വാട്‌സാപ് കൊണ്ടുവരുന്ന ഈ വിപ്ലവകരമായ മാറ്റങ്ങൾ സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കൾക്ക് വലിയൊരു പരിധി വരെ സംരക്ഷണം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!