വിദേശയാത്ര നടത്തുന്നവർ അറിയാൻ; സെപ്റ്റംബർ ഒന്ന് മുതൽ ബോർഡിംഗ് പാസിൽ ഇമിഗ്രേഷൻസ്റ്റാമ്പ് പതിപ്പിക്കുന്നത് നിർത്തലാക്കി
വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് പാസ് കയ്യില്‍ പിടിച്ച് ഇമിഗ്രേഷന്‍ കൗണ്ടറിലെത്തുന്ന പതിവ് യാത്രക്കാര്‍ക്ക് പരിചിതമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബോര്‍ഡിംഗ് പാസില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇനി ഈ പതിവില്‍ ചെറിയൊരു മാറ്റം വരുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ ബോര്‍ഡിംഗ് പാസില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിക്കുന്നത് നിര്‍ത്തലാക്കും.
മാറ്റങ്ങള്‍ എന്തൊക്കെയാണ്
പുതിയ സംവിധാനമനുസരിച്ച് യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഇ-ബോര്‍ഡിംഗ് പാസ് ഇമിഗ്രേഷന്‍ കൗണ്ടറില്‍ കാണിക്കാം. ആവശ്യമായ പരിശോധനകളും ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാര്‍ക്ക് മുന്നോട്ട് പോകാം.ഇതിനായി ബോര്‍ഡിംഗ് പാസ് പ്രിന്റ് ചെയ്ത് കൈയില്‍ കരുതണമെന്ന നിര്‍ബന്ധമില്ല. ഫോണിലെ ഇ-ബോര്‍ഡിംഗ് പാസ് ഉപയോഗിച്ച് തന്നെ നടപടിക്രമം പൂര്‍ത്തിയാക്കാം.
അതേസമയം, പേപ്പര്‍ ബോര്‍ഡിംഗ് പാസ് ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ഉപയോഗിക്കുന്നതിനും തടസ്സമില്ല. ഇ-ബോര്‍ഡിംഗ് പാസും ഫിസിക്കല്‍ ബോര്‍ഡിംഗ് പാസും സ്വീകരിക്കും. മാറ്റം വരുന്നത് ബോര്‍ഡിംഗ് പാസില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതിയില്‍ മാത്രമാണ്.
സ്റ്റാമ്പില്ലെങ്കിലും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉണ്ടാകും
പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം സ്റ്റാമ്പിംഗ് നിര്‍ത്തുന്നു എന്നത് ഇമിഗ്രേഷന്‍ പരിശോധന നിര്‍ത്തുന്നു എന്നല്ല. യാത്രക്കാരുടെ പാസ്പോര്‍ട്ട്, യാത്രാ രേഖകള്‍, ആവശ്യമായ മറ്റ് വിവരങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമായിരിക്കും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുക. നടപടിക്രമം പൂര്‍ത്തിയാകും. പക്ഷേ അതിന്റെ തെളിവായി ബോര്‍ഡിംഗ് പാസില്‍ സ്റ്റാമ്പ് പതിപ്പിക്കില്ല എന്ന് മാത്രം.
ഫാസ്റ്റ് ട്രാക്ക് യാത്രക്കാര്‍ക്കും സൗകര്യം
ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ (FTI), ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (TTP) തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ഇ-ഗേറ്റുകളിലും ഇ-ബോര്‍ഡിംഗ് പാസ് ഉപയോഗിക്കാന്‍ സാധിക്കും. ഇതോടെ യോഗ്യതയുള്ള യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കൂടുതല്‍ ലളിതവും വേഗത്തിലുമാക്കുക എന്നതാണ് മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. ബോര്‍ഡിംഗ് പാസില്‍ സ്റ്റാമ്പ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ സ്റ്റാമ്പ് വ്യക്തമായി പതിയാതിരിക്കുകയോ പിന്നീട് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകാം. അതോടൊപ്പം പേപ്പര്‍ ഉപയോഗം കുറയ്ക്കുക, യാത്രക്കാരുടെ കൈയിലെ രേഖകളുടെ എണ്ണം കുറയ്ക്കുക, ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ ഡിജിറ്റല്‍ ആക്കുക എന്നിവയും പുതിയ സംവിധാനത്തിന്റെ ലക്ഷ്യങ്ങളാണ്.
യാത്രക്കാര്‍ ഇനി എന്താണ് ചെയ്യേണ്ടത്?
സെപ്റ്റംബര്‍ 1 മുതല്‍ വിദേശയാത്ര നടത്തുന്നവര്‍ പ്രത്യേകം ഒന്നും ചെയ്യേണ്ടതില്ല. വിമാനത്താവളത്തിലെത്തുമ്പോള്‍ സാധുവായ പാസ്പോര്‍ട്ടും ആവശ്യമായ യാത്രാ രേഖകളും കൈവശം ഉണ്ടായിരിക്കണം. ബോര്‍ഡിംഗ് പാസ് മൊബൈലില്‍ ഇ-രൂപത്തില്‍ സൂക്ഷിച്ചാലും മതിയാകും. പേപ്പര്‍ കോപ്പി വേണമെങ്കില്‍ അതും ഉപയോഗിക്കാം.
