‘പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും തുല്യ വേതനം’; കേരളത്തിന്റെ നിലപാട് തേടി സുപ്രീം കോടതി
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോടനുബന്ധിച്ച് പി.ടി.എ.കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ അർഹമായ വേതനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി സുപ്രീം കോടതി. ജസ്റ്റിസ്മാരായ പി.കെ. മിശ്ര, ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിലപാട് തേടിയത്.
കഞ്ചിക്കോട് ജി.എൽ.പി. സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപിക കാമാക്ഷിക്കുട്ടി ഉൾപ്പെടെയുള്ളവർ ആണ് തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാരിന്റെ അനുമതിയോടെ സർക്കാർ വിദ്യാലയങ്ങളോടനുബന്ധിച്ച് പി.ടി.എ.കൾ നടത്തുന്ന പ്രീ-പ്രൈമറി വിഭാഗങ്ങളിലെ അധ്യാപകരുടെയും ആയമാരുടെയും സേവന-വേതന വ്യവസ്ഥകൾ നിശ്ചയിക്കണമെന്നത് ദീർഘകാല ആവശ്യമാണ്. ഇവരുടെ സേവന-വേതന വ്യവസ്ഥകൾ പ്രത്യേകം നിർണയിക്കണമെന്ന് കേരള ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു.
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച സേവന-വേതന വ്യവസ്ഥകൾ സർക്കാർ അന്തിമമായി രൂപീകരിച്ചിട്ടില്ലെന്നാണ് ഹർജിക്കാരുടെ പരാതി. പി.എസ്.സി. മുഖേന നിയമിതരായ സർക്കാർ പ്രീ-പ്രൈമറി അധ്യാപകരും ആയമാരും നിർവഹിക്കുന്നതിന് സമാനമായ ജോലിയാണ് നിർവഹിക്കുന്നതെന്നും, അതിനാൽ ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന ഭരണഘടനാ തത്വത്തിന്റെ അടിസ്ഥാനത്തിൽ തുല്യമായ വേതനത്തിന് അർഹതയുണ്ടെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഷാജി പി. ചാലി വാദിച്ചു. ഷാജി പി. ചാലിക്ക് പുറമെ അഭിഭാഷകൻ പി.എസ്. സുധീറും ഹർജികാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായി. ഹർജി സെപ്റ്റംബർ 21-ന് വീണ്ടും പരിഗണിക്കും.
