മലയാളികൾക്ക് തിരുവോണ സമ്മാനം: ഇനി ദൈവത്തിന്റെ സ്വന്തം ‘കേരളം’, വിജ്ഞാപനമിറങ്ങി
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഇന്നു മുതൽ ഔദ്യോഗികമായി ‘കേരളം’. ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതിനുള്ള നിയമം ഇന്നു മുതൽ പ്രാബല്യത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. തിരുവോണത്തിന്റെ തലേന്നാണ് വിജ്ഞാപനമെന്നതും ശ്രദ്ധേയമാണ്. പേരുമാറ്റാനുള്ള ബിൽ 14ന് നിയമമായെങ്കിലും അത് പ്രാബല്യത്തിലാക്കിയിരുന്നില്ല. പേരുമാറ്റം സംബന്ധിച്ച അന്തിമനടപടിക്രമമാണ് ഇതോടെ പൂർത്തിയായത്. ഇനി ഒരു വർഷത്തിനകം, കേരളത്തിന്റെ പേരുമാറ്റം പ്രതിലിപ്പിക്കുന്ന തരത്തിൽ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നാണ് വ്യവസ്ഥ.
2026 ഓഗസ്റ്റ് 25ന് പേരുമാറ്റം പ്രാബല്യത്തിൽ വന്നതിനാൽ 2027 ഓഗസ്റ്റ് 25ന് മുൻപ് സർക്കാരുകൾ നിയമങ്ങളിൽ മാറ്റം വരുത്തണം. ഒരു നിയമത്തിൽ ‘സ്റ്റേറ്റ് ഓഫ് കേരള’ എന്നൊരു പരാമർശമുണ്ടെങ്കിൽ അത് ‘സ്റ്റേറ്റ് ഓഫ് കേരളം’ എന്നാക്കി മാറ്റണം. ഈ സമയപരിധിയിൽ കോടതികളിൽ പഴയ നിയമങ്ങൾ പരാമർശിക്കുമ്പോൾ ‘കേരള’ എന്നതിനെ ‘കേരളം’ എന്ന് വ്യാഖ്യാനിക്കാം. പേരുമാറ്റം പ്രാബല്യത്തിലാകുന്നതിനു മുൻപ്, സംസ്ഥാന സർക്കാർ കക്ഷിയായ ഒരു കേസിൽ ‘സ്റ്റേറ്റ് ഓഫ് കേരള’ എന്നാണെങ്കിൽ അത് ‘സ്റ്റേറ്റ് ഓഫ് കേരളം’ ആയി കണക്കാക്കും.
മലയാളത്തിൽ ‘കേരളം’ എന്നാണ് ഉപയോഗിക്കുന്നതെങ്കിലും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’എന്നാണ്. ഇത് ‘കേരളം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമം.
നടപടിക്രമം ഇങ്ങനെ
ഭരണഘടനയുടെ മൂന്നാം വകുപ്പ് പ്രകാരമാണ് സംസ്ഥാനങ്ങളുടെ പേര് മാറ്റുന്നത്. എന്നാൽ ഇതിനു ഭരണഘടനാഭേദഗതി ആവശ്യമില്ല. സാധാരണ ബില്ലാണ്. പേരു മാറ്റുന്നതിനുള്ള ‘കേരള (ഓൾട്ടറേഷൻ ഓഫ് നെയിം) ബിൽ, 2026’ രാഷ്ട്രപതി ആദ്യം സംസ്ഥാന നിയമസഭയ്ക്ക് റഫർ ചെയ്തു. നിയമസഭയുടെ അഭിപ്രായം ലഭിച്ച ശേഷം രാഷ്ട്രപതിയുടെ ശുപാർശയോടെ പാർലമെന്റിൽ അവതരിപ്പിച്ചു. ഈ ബിൽ ഇരുസഭകളും പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഓഗസ്റ്റ് 14ന് ഇത് നിയമമായി. ഓഗസ്റ്റ് 25ന് നിയമം പ്രാബല്യത്തിലാക്കി വിജ്ഞാപനവുമിറക്കി.
ഭരണഘടനയുടെ മൂന്നാം വകുപ്പ് അനുസരിച്ചുള്ള ബില്ലുകൾ സംസ്ഥാനത്തിന്റെ അതിർത്തി, പേര്, വിസ്തൃതി തുടങ്ങിയവയെ ബാധിക്കുന്നതിനാലാണ് പാർലമെന്റിൽ എത്തുന്നതിനു മുൻപ് ബന്ധപ്പെട്ട് സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടുന്നത്. സംസ്ഥാനങ്ങളുടെ പേരുമാറ്റം, അതിർത്തിനിർണയം, പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം തുടങ്ങിയവയുടെ നടപടിക്രമം ഈ വകുപ്പ് അനുസരിച്ചാണ്.
