‘ആ പൈസയ്ക്ക് പലഹാരം വാങ്ങും; അച്ഛനെ ബുദ്ധിമുട്ടിപ്പിക്കാതെ യാത്ര’: മിച്ചം പിടിച്ച തുകയുടെ കണക്ക് നിരത്തി ‘പ്രിയദർശിനിമാർ’
യാത്രാസൗജന്യം വഴി മിച്ചം പിടിക്കുന്ന തുക കെഎസ്എഫ്ഇയുടെ പിങ്ക് ചിട്ടികളില്‍ നിക്ഷേപിക്കാന്‍ സ്ത്രീകൾ തയാറാകണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആവര്‍ത്തിച്ചത്. മിച്ചം പിടിക്കുന്ന തുകയിൽ കെഎസ്എഫ്ഇ ചിട്ടികളിൽ ചേർന്നവരും ചേരാത്തവരുമുണ്ട്. നൂറുദിവസം പൂർത്തിയാക്കുന്ന യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയാണ് പ്രിയദർശിനി സൗജന്യ ബസ് യാത്ര. അധികാരത്തിലേറിയതിനു പിന്നാലെ നടപ്പാക്കിയ വലിയ വാഗ്ദാനം സ്ത്രീകളുടെ ജീവിതത്തിൽ എങ്ങനെയാണ് പ്രതിഫലിച്ചത്. ഏറ്റവും കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന, ഗതാഗത മന്ത്രിയുടെ ജില്ല കൂടിയായ തിരുവനന്തപുരത്തെ വനിതകൾ പറയുന്നു.
‘ഇപ്പോൾ വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ആകെ ഒരു കണക്കുകൂട്ടലേ ഉള്ളൂ, എത്ര പണം ലാഭിച്ചു’. ശാരദാമണി ലോട്ടറി നീട്ടി സംസാരിച്ചു തുടങ്ങി. കിലോമീറ്ററുകളോളം നടന്ന് ലോട്ടറി വിറ്റാലും ദിവസവും കുറഞ്ഞത് 60 രൂപയെങ്കിലും ബസ് ചാർജിനായി മാറ്റിവയ്ക്കണം. അതിനിടയിലാണ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി വരുന്നത്. ആദ്യമൊക്കെ എനിക്ക് വലിയ വിശ്വാസമില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ജൂണിൽ ഒരു ദിവസം പേട്ടയിൽ നിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള ഓർഡിനറി ബസിൽ കയറി. പൂജ്യം രൂപയുടെ ടിക്കറ്റ് കയ്യിൽ തന്നു. അപ്പോഴാണ് കാര്യം മനസിലായത്. ഇപ്പോൾ ആ യാത്രാച്ചെലവ് പൂർണമായും മിച്ചമാണ്. ആ തുക കൊണ്ട് വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ മക്കൾക്ക് എന്തെങ്കിലും പലഹാരമോ കറിയോ വാങ്ങാമെന്ന് ശാരദാമണി പറയുന്നു.
കോളജ് ഫീസിനേക്കാൾ തന്നെ വിഷമിപ്പിച്ചിരുന്നത് ദിവസേനയുള്ള യാത്രാച്ചെലവായിരുന്നുവെന്ന് നെടുമങ്ങാട് നിന്ന് തിരുവനന്തപുരം നഗരത്തിലെ കോളജിൽ വന്ന് പഠിക്കുന്ന അഞ്ജലി പുഞ്ചിരിയോടെ പറഞ്ഞു. നെടുമങ്ങാട്ടു നിന്നും കോളജിലേക്ക് വരാൻ ദിവസവും നല്ലൊരു തുക വേണമായിരുന്നു. അച്ഛന്റെ കൂലിപ്പണി കൊണ്ട് മാത്രം കാര്യങ്ങൾ നടക്കുന്ന കുടുംബത്തിൽ, ബസ് കാശ് ചോദിക്കാൻ എനിക്ക് വലിയ മടിയായിരുന്നു. പലപ്പോഴും ക്ലാസിൽ പോകാതിരിക്കാൻ പോലും ആലോചിച്ചിട്ടുണ്ട്. പ്രിയദർശിനി പദ്ധതി വന്നതോടെ ആ വലിയ ഭാരം ഒഴിവായി. കെഎസ്ആർടിസി ഓർഡിനറി ബസുകൾക്ക് മുന്നിലെ പ്രിയദർശിനി സൗജന്യ യാത്ര എന്ന ബോർഡ് കാണുമ്പോൾ വലിയ സന്തോഷം തോന്നും. ഇപ്പോൾ ആ ബസുകളിൽ പെൺകുട്ടികളുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. പഠിച്ച് ഒരു ജോലി നേടണമെന്ന എന്റെ സ്വപ്നത്തിന് ഈ പദ്ധതി വലിയൊരു കരുത്താണ് നൽകിയതെന്നും അഞ്ജലി പറഞ്ഞു.
താൻ നഗരത്തിലെ മൂന്ന് വീടുകളിലാണ് ജോലി ചെയ്യുന്നതെന്ന് സുലേഖ പറയുന്നു. രാവിലെ ഒരു സ്ഥലത്ത്, ഉച്ചയ്ക്ക് മറ്റൊരിടത്ത്. ദിവസവും മൂന്നോ നാലോ തവണ ബസ് കയറണം. വരുമാനത്തിന്റെ നല്ലൊരുഭാഗം ബസ് ചാർജായി പോകുമായിരുന്നു. പ്രിയദർശിനി പദ്ധതി വന്നതോടെ അൽപം കാത്തുനിന്നാണെങ്കിലും പൈസ ലാഭിക്കാം. സ്ത്രീകൾ കൂട്ടത്തോടെ ബസുകളിൽ യാത്ര ചെയ്യാൻ തുടങ്ങിയതോടെ ബസുകൾക്കുള്ളിലെ അന്തരീക്ഷം മാറി. മുൻപൊക്കെ രാത്രി അൽപം കഴിഞ്ഞാൽ ബസ് യാത്രകളിൽ ഒരു ഭയമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഒപ്പമുള്ളത് ഭൂരിഭാഗവും സ്ത്രീകളായതുകൊണ്ട് സുരക്ഷിതത്വം തോന്നാറുണ്ട്. അധ്വാനിക്കുന്ന സ്ത്രീകളെ സർക്കാർ പരിഗണിക്കുന്നു എന്നതിൽ വലിയ സന്തോഷമുണ്ടെന്നും സുലേഖ പറഞ്ഞു.
