കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

Share our post

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ക്രിമിനൽ കേസുകളിൽ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കാപ്പ ചുമത്തിയിട്ടുള്ളതിനാല്‍ അർജുൻ ആയങ്കി ജയിലില്‍ തുടരും. കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞദിവസം തലശ്ശേരി സിജെഎം കോടതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഏഴ് വര്‍ഷത്തിനുള്ളില്‍ 9 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഈ സാഹചര്യത്തിലാണ് കാപ്പ ചുമത്തിയിരിക്കുന്നത്.

അര്‍ജുന്‍ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അത് തടയാനാണ് കാപ്പ ചുമത്തുന്നതെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നത്. അര്‍ജുന്‍ ആയങ്കിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു നടപടി. ആഭ്യന്തര മന്ത്രിയെയും പൊലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയ കേസുകള്‍ക്ക് പുറമെ സ്വര്‍ണ്ണം പൊട്ടിക്കല്‍, സ്വര്‍ണ്ണം കടത്തല്‍, തുടങ്ങിയ കേസുകളും അര്‍ജുന്‍ ആയങ്കിക്കെതിരെയുണ്ട്.

കോതമംഗലം, ഊന്നുകല്‍ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നായിരുന്നു അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!