‘കണ്ണൂർപാർട്ടി’ രണ്ട് വഴിക്കോ? വിഴിഞ്ഞം ആരോപണം അസാധുവാക്കി ഇ.പി, രാഗേഷിനെ ലക്ഷ്യമിട്ട് വനിതാനേതാക്കൾ
കൊച്ചി: വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ ഉൾപോരിനും കാരണമാകുന്നു. മുഖ്യമന്ത്രി വി.ഡി സതീശനെ പ്രതിരോധത്തിലാക്കാൻ സിപിഎം തൊടുത്ത വിവാദമാണ് തിരിച്ച് സിപിഎമ്മിലെ ഭിന്നത പരസ്യമാക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായ ശേഷം പിണറായി വിജയൻ ആദ്യമായി ഏറ്റെടുത്ത രാഷ്ട്രീയ വിഷയം, അതിന് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ ഉറച്ച പിന്തുണയും നൽകി വരുമ്പോഴാണ് മുതിർന്ന നേതാവായ ഇ.പി ജയരാജൻ തന്നെ ആരോപണത്തെ അസാധുവാക്കുന്ന രീതിയിൽ പ്രതികരിച്ചത്. അദാനിയുടെ വിശദീകരണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഇ.പി ഈ വിഷയത്തിൽ പിണറായിയുടെ ലൈനിനൊപ്പമല്ല താനെന്ന് പരസ്യമാക്കുകയും ചെയ്യുന്നു.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ ഇന്നലെയും പി.കെ ശ്രീമതി ഇന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ നിലപാടിനെ തള്ളിപ്പറയുകയും ചെയ്തതോടെ ആ ഭിന്നത കൂടുതൽ പ്രകടമായി. ദിവ്യ എസ് അയ്യരെ മാറ്റിയത് ഓഹരി വിൽപനയ്ക്ക് എതിരായതിനാലാണെന്നാായിരുന്നു കെ.കെ രാഗേഷിന്റെ പ്രതികരണം. സർക്കാരിന് ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരമുണ്ടെന്നാണ് രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളും തുറന്നടിച്ചത്. അതുകൂടാതെ തെളിവില്ലാതെ ആരോപണം ഉന്നയിച്ചതിനെയും അവർ ചോദ്യം ചെയ്തു. അതോടെ ഫലത്തിൽ കണ്ണൂർ സിപിഎം ഈ വിഷയത്തിൽ രണ്ട് ചേരിയിലാണെന്ന് കൂടുതൽ വ്യക്തമാകുകയാണ്. ടി.കെ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും തെറ്റുതിരുത്തിയാൽ തിരിച്ചുവരാമെന്ന് പറഞ്ഞ എം.വി ജയരാജന് അത് പിൻവലിക്കേണ്ടി വന്നതും ഇതിനിടെയിൽ കണ്ടു.
പ്രത്യക്ഷത്തിൽ കെ.കെ രാഗേഷാണ് ഇതിലെ ഉന്നമെങ്കിലും അത് ഫലത്തിൽ പിണറായിയേയും ഗോവിന്ദനേയും കൂടി ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് സൂചനകൾ. മുതിർന്ന നേതാക്കൾ പലരേയും മറികടന്നാണ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ഓഫീസിലെ ചുമതലക്കാരനിൽ നിന്ന് രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സിപിഎമ്മിൽ നാളെ തുടങ്ങുന്ന മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗവും അടുത്ത മാസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനും മുമ്പേയുള്ള വിമർശനങ്ങളുടെ കളമൊരുക്കൽ കൂടിയായി ഇതെല്ലാം വ്യാഖ്യാനിക്കപ്പെടുന്നു.
വി.ഡി.സതീശന്റെ മംഗലാപുരം സന്ദർശനവുമായി ബന്ധപ്പെടുത്തി വിഴിഞ്ഞം വിഷയം വലിയ പ്രചരണായുധമാക്കി വരുന്നതിനിടെയാണ് നേതാക്കൾ തമ്മിലുള്ള ഭിന്നത ഉടലെടുത്തിരിക്കുന്നത്. പാർട്ടി നേതാക്കളുടെ ഔദ്യോഗിക നിലപാടിനെ മുതിർന്ന നേതാക്കൾ തന്നെ തള്ളിപ്പറയുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
വിഴിഞ്ഞം പോർട്ടിൽ അദാനി ഗ്രൂപ്പ് തങ്ങളുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) കൈമാറാൻ കൈമാറാൻ തീരുമാനിച്ചത് ആയുധമാക്കി മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ പിണറായി വിജയൻ ശ്രമിച്ചത്. ഓഹരി കൈമാറ്റം നിയമവിരുദ്ധമാണെന്നും ഇതിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നും പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു. ഈ ആരോപണങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, വിഴിഞ്ഞം എം.ഡി സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന മറ്റൊരു ആരോപണവും തൊടുത്തുവിട്ടു. എം.വി.ഗോവിന്ദനും ഇത് ഏറ്റുപിടിച്ചു.
എന്നാൽ ഇ.പി. ജയരാജൻ ഇതിനെ പൂർണ്ണമായി തള്ളിപ്പറഞ്ഞു. ‘വിവാദം അനാവശ്യമാണ്, കാര്യങ്ങൾ അദാനി തന്നെ വ്യക്തമാക്കിയതാണ്’ എന്നായിരുന്നു ഇ.പിയുടെ പ്രതികരണം. ഇത്തരം വിവാദങ്ങൾ വികസന പദ്ധതികളെ തകിടം മറിക്കുമെന്നും കേരളത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങൾ വ്യക്തികളുടെ മാത്രം അഭിപ്രമായമെന്ന നിലയ്ക്കാണ് ജയരാജൻ പ്രതികരിച്ചത്.
ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്നുള്ള രീതിയിൽ സംസാരിക്കരുതെന്ന് പികെ ശ്രീമതി പറഞ്ഞു. ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ടുയർത്തിയ ആരോപണത്തിലായിരുന്നു പ്രതികരണം. പറയുന്ന കാര്യത്തിൽ വ്യക്തത വേണം. വിഴിഞ്ഞത്തിൽ ഇപി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്കെന്ന് കൂടി പികെ ശ്രീമതി പറഞ്ഞുവെച്ചു. ദിവ്യയുടെ സ്ഥാനമാറ്റം വിവാദമാക്കേണ്ടതില്ലെന്ന് കെ.കെ.ശൈലജയും പറഞ്ഞു. സർക്കാരുകൾ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് സാധാരണ സംഭവമാണെന്നും അവർ വ്യക്തമാക്കുകയുണ്ടായി.
പാർട്ടി നേതൃത്വം എടുത്ത നിലപാടിനെ പരസ്യമായി തള്ളിക്കൊണ്ടുള്ള നേതാക്കളുടെ കടന്നുവരവ് സിപിഎമ്മിൽ അപൂർവ്വമാണ്. കണ്ണൂരിൽനിന്നുള്ള നേതാക്കളാണ് ഇത്തരത്തിലുള്ള ഭിന്നാഭിപ്രായം പരസ്യമാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
വിഴിഞ്ഞം വിഷയത്തിൽ സിപിഎം നിലപാടിന് വിരുദ്ധമായി പാർട്ടി മുഖപത്രത്തിൽ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നേതാക്കളുടെ ഭിന്നാഭിപ്രായങ്ങങ്ങളും. പാർട്ടി പത്രത്തിൽ അങ്ങനെ വരാൻ പാടില്ലായിരുന്നുവെന്നും ജാഗ്രതക്കുറവുണ്ടായെന്നും സംസ്ഥാന സെക്രട്ടറി പരസ്യമായി പറഞ്ഞിരുന്നു. ഭിന്നാഭിപ്രായം പറഞ്ഞ നേതാക്കളുടെ കാര്യത്തിലും എം.വി. ഗോവിന്ദൻ ഇതേ നിലപാട് സ്വീകരിക്കുമോ എന്നത് കണ്ടറിയാം.
ശനിയാഴ്ച മുതൽ മൂന്ന് ദിവസം കേരളത്തിലെ തോൽവിയും വരുത്തേണ്ട തിരുത്തലുകൾക്കും രൂപം നൽകാൻ മാത്രം പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുണ്ടായ പാർട്ടിയിലെ തെറ്റുതിരുത്തലുകൾക്കായി ഓഗസ്റ്റിൽ വിശാലമായ സംസ്ഥാന കമ്മിറ്റിയും ചേരാനിരിക്കെയാണ് ഈ നീക്കങ്ങളെല്ലാം.
തിരഞ്ഞെടുപ്പിന് പിന്നാലെ കെ.കെ.രാഗേഷിനെതിരെ കണ്ണൂരിലെ പാർട്ടിക്കുള്ളിൽ രൂക്ഷമായ പ്രതികരണങ്ങളുയർന്നിരുന്നു. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിയിൽ രാഗേഷിനാണ് ഉത്തരവാദിത്തമെന്നാണ് വിമർശനം. ഇതിനിടയിലാണ് ദിവ്യ എസ് അയ്യരുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളും നേതാക്കളുടെ തള്ളിപ്പറയലും. വ്യക്തി താത്പര്യങ്ങൾ രാഷ്ട്രീയത്തിലേക്ക് കടത്തുന്നു എന്നുള്ള വിമർശനങ്ങൾ രാഗേഷിനെതിരെ ചില നേതാക്കൾ ഉയർത്തുന്നുണ്ട്.
തളിപ്പറമ്പിൽ ഒരു വനിതാ സ്ഥാനാർഥി വേണം എന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചത് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ആണെന്നാണ് ആരോപണം. പിണറായിയുടെ മൗനസമ്മതത്തോടെയാണ് ഗോവിന്ദൻ അത് നടപ്പിലാക്കിയതെന്നും എതിർത്തവർ കരുതുന്നു. വിയോജിപ്പുകൾ ഉയർന്നു അത് സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കാം എന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. എന്നാൽ ഒറ്റ പേരായി മാത്രം നൽകി. പിണറായിയേയോ ഗോവിന്ദൻ മാഷിനേയോ നേരിട്ട് തള്ളിപ്പറയാൻ ധൈര്യപ്പെടാതെ രാഗേഷിനെ ചാരിയുള്ള നീക്കത്തിന് പിന്നിലും സംഘടിത നീക്കമാണെന്ന സംശയവും ഉയരുന്നുണ്ട്. പി.ജയരാജന്റെ പുതിയ പുസ്തകത്തെ മുൻനിർത്തി പല ഭാഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്ന ചർച്ചകൾ ഇതിനിടയിൽ നടന്നുവരുന്നതും അണികളെ ഉണർത്തുന്നുണ്ട്
