കോഴിക്കർഷകർ പ്രതിസന്ധിയിൽ
കേളകം: ദിവസങ്ങൾക്കിടയിൽ കോഴിവില കുത്തനെ ഇടിഞ്ഞത് കോഴിക്കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. കഴിഞ്ഞദിവസംവരെ 160 രൂപ വിലയുണ്ടായിരുന്ന കോഴിയുടെ മാർക്കറ്റ് 120നും 130നും ഇടയിലേക്ക് താഴ്ന്നു.
മൊത്തക്കച്ചവടക്കാർ കർഷകരിൽ നിന്ന് കിലോയ്ക്ക് 90-95 രൂപയ്ക്കാണ് കോഴികളെ വാങ്ങുന്നത്. 60 രൂപ നിരക്കിൽ കർഷകർ വാങ്ങി വളർത്തി വലുതാക്കിയ കോഴികളെ 90 രൂപയ്ക്ക് വിൽക്കേണ്ട ഗതികേടാണ് കർഷർ നേരിടുന്നത്.
കോഴിക്കുഞ്ഞുങ്ങളെ വാങ്ങി 45 ദിവസം വളർത്തി വില്പനയ്ക്കായി തയാറാക്കുന്പോൾ തന്നെ ഒരുകിലോ കോഴിക്ക് ശരാശരി 110 രൂപയോളം ചെലവ് വരുമെന്ന് കർഷകർ പറയുന്നു. വിലയിടിഞ്ഞതോടെ മുതൽ മുടക്ക് പോലും ലഭിക്കാതെ നഷ്ടത്തിലാണ് വില്പന നടത്തേണ്ടി വരുന്നത്.
കോഴിത്തീറ്റ, വൈദ്യുതി, വെള്ളം, വാക്സിനേഷൻ, തറയിൽ വിരിക്കുന്ന അറക്കപ്പൊടി തുടങ്ങിയ എല്ലാത്തിനും വില കൂടുന്പോഴും കോഴിക്ക് വില കിട്ടുന്നില്ല. ഒരുചാക്ക് അറക്കപ്പൊടിക്ക് നേരത്തെ മരമില്ലിൽ 85 രൂപയായിരുന്നു ഈടാക്കിയതെങ്കിൽ ഇപ്പോൾ 130 രൂപയായി ഉയർന്നു. 1800 രൂപയായിരുന്ന കോഴിത്തീറ്റയുടേത് 2100ലുമെത്തി.
സാധാരണഗതിയിൽ വേനൽ കടുക്കുന്നതോടെ തമിഴ്നാട്ടിലെയും കർണാടകയിലെയും ഫാമുകളിൽ നിന്നുള്ള ഉത്പാദനം കുറയും. ഈ സാഹചര്യത്തിൽ കേരളത്തിൽ തന്നെ വളർത്തിയെടുക്കുന്ന കോഴികൾക്ക് മികച്ച വില ലഭിക്കാറുണ്ട്. ഈ പ്രതീക്ഷയിൽ കോഴിവളർത്തൽ നടത്തിയവരാണ് വിലയിടിവ് മൂലം പ്രതിസന്ധിയിലായത്. പാചകവാതക ലഭ്യത കുറവ് കാരണം ഹോട്ടലുകൾ, കാന്റീൻ, ഹോസ്റ്റൽ മെസുകൾ എന്നിവിടങ്ങളിൽ കോഴി വിഭവങ്ങൾ കുറച്ചതും പല സ്ഥാപനങ്ങളും അടച്ചിട്ടതും കാരണം കോഴി ഇറച്ചിയുടെ ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് വിലയിടിവിന് കാരണമെന്നും പറയുന്നു.
