അറബി ഭാഷാ പണ്ഡിതനും നവോത്ഥാന നായകനുമായ എം.എ സമദ് അന്തരിച്ചു

Share our post

കൊല്ലം: കേരളത്തിലെ പ്രമുഖ അറബി ഭാഷാ പണ്ഡിതനും സാമൂഹിക-സാംസ്‌കാരിക പരിഷ്‌കര്‍ത്താവുമായ കൊല്ലം ഉളിയക്കോവില്‍ നിസാം മന്‍സിലില്‍ എം.എ സമദ് (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളിലും വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലും പതിറ്റാണ്ടുകളോളം സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം സ്‌കൂളുകളിലും കോളജുകളിലും അറബിക് ഭാഷാ പഠനം സാര്‍വത്രികമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ, ഔദ്യോഗിക മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹം ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായാണ് വിരമിച്ചത്. കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്‌ലിം എംപ്ലോയീസ് കള്‍ചറല്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അവകാശങ്ങള്‍ക്കായി പോരാടി. അറബിക് അക്കാദമി ഡയറക്ടറായും കൊല്ലം മുസ്‌ലിം അസോസിയേഷന്‍ അറബിക് കോളജ് മുഖ്യ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ച അദ്ദേഹം അറബിക് ഭാഷാ പ്രചാരണത്തിന് പുതിയ ദിശാബോധം നല്‍കി.

കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ സാമൂഹിക പരിഷ്‌കരണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ന്യൂനപക്ഷ ക്ഷേമ കമ്മീഷന്‍ രൂപീകരണത്തിലും പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ-തൊഴില്‍ സംവരണ പോരാട്ടങ്ങളിലും മുന്‍പന്തിയിലുണ്ടായിരുന്നു. കൊല്ലം വനിതാ ഖുര്‍ആന്‍ പഠനവേദിയുടെ സ്ഥാപക അധ്യാപകനും രക്ഷാധികാരിയുമായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിനും മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്.

റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ആബിദാ ബീവിയാണ് ഭാര്യ. മക്കള്‍: എ. നിസ്സാമുദീന്‍ (സീനിയര്‍ എഞ്ചിനീയര്‍, ഖത്തര്‍), എ. മുജീബുര്‍ റഹ്മാന്‍ (ബിസിനസ്, കെഎംകെ ഗ്രൂപ്പ്, എഐസിപിഡിഎഫ് നാഷണല്‍ വൈസ് പ്രസിഡന്റ്), എ. ഫാറൂഖ് ഹുസൈന്‍ (സീനിയര്‍ മാനേജര്‍, ടെക്‌നോബ സാംസങ്, ഖത്തര്‍). മരുമക്കള്‍: അനിത നിസ്സാം, അബീന റഹ്മാന്‍, ജിഷ ഫാറൂഖ്. സഹോദരങ്ങള്‍: ഡോ. എം. അബ്ദുല്‍ സലാം (മുന്‍ കസ്റ്റംസ് കമ്മീഷണര്‍), എം. റംലാ ബീവി, എം. ഹിദായാബീവി, എം.എ. ഷുക്കൂര്‍, എം.എ. നാസര്‍. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് കിളികൊല്ലൂര്‍ വലിയ പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!