ഇൻഷുറൻസ് എടുക്കുന്നവർ ശ്രദ്ധിക്കുക: ഈ ചതിക്കുഴികൾ കാത്തിരിക്കുന്നുണ്ടാകും

Share our post

തെറ്റിദ്ധരിപ്പിച്ച് അമിതമായി പ്രീമിയം ഈടാക്കുന്നതിനെതിരെ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. ഡിജിറ്റൽ വ്യാപകമായതോടെ ഉപഭോക്താക്കളുടെ തീരുമാനത്തെ സ്വാധീനിച്ച് കൂടുതൽ പ്രീമിയം ഈടാക്കുന്നത് വ്യാപകമായതിനാലാണ് ഐആർഡിഎഐ ഇടപെട്ടത്. നിലവിൽ ഇൻഷുറൻസ് എടുത്തവരും എടുക്കാനൊരുങ്ങുന്നവരും ഇതിലേതെങ്കിലും ചതിക്കുഴികൾ നേരിട്ടിട്ടുള്ളവരായിരിക്കും.

തെറ്റിദ്ധരിപ്പിക്കൽ ഇങ്ങനെ

തിടുക്കം കൂട്ടൽ: മൂന്നു പേർ ഇപ്പോൾ ഈ പോളിസി നോക്കുന്നു- എന്നിങ്ങനെ തെറ്റായ തിരക്ക് സൃഷ്ടിക്കുക.

തെറ്റായി ഉൾപ്പെടുത്തൽ: ഉപഭോക്താവ് അറിയാതെ അധിക ആഡ്-ഓണുകളോ റൈഡറുകളോ ഉൾപ്പെടുത്തുക.

കുറ്റബോധം സൃഷ്ടിക്കൽ: വേണ്ട, എന്റെ കുടുംബത്തെ സംരക്ഷിക്കാൻ എനിക്ക് താൽപ്പര്യമില്ല-എന്നിങ്ങനെ ഉപഭോക്താവിൽ കുറ്റബോധം ഉണ്ടാക്കുന്ന ഭാഷ ഉപയോഗിക്കുക.

ഓട്ടോ-റിന്യൂ: വ്യക്തമായ സമ്മതമില്ലാതെ പോളിസികൾ സ്വയം പുതുക്കുന്ന രീതി.

പ്രീമിയം തുകയിലെ തെറ്റിദ്ധരിപ്പിക്കൽ: തുടക്കത്തിൽ കുറഞ്ഞ പ്രീമിയം കാണിച്ചശേഷം ജിഎസ്ടിയും മറ്റ് ഫീസുകളും ഉൾപ്പടെയുള്ള യഥാർത്ഥ തുക പണമടക്കുന്ന ഘട്ടത്തിൽ മാത്രം വെളിപ്പെടുത്തുക.

ശല്യപ്പെടുത്തുക: പോളിസി വാങ്ങാനോ പുതുക്കാനോ ആവശ്യപ്പെട്ട് തുടർച്ചയായി പോപ്പ്-അപ്പുകൾ കാണിക്കുക.

ആരോഗ്യ ഇൻഷുറൻസ് പുതുക്കുന്ന സമയത്താണ് കൃത്രിമങ്ങൾ കൂടുതലായി നടക്കുന്നത്. ഉയർന്ന ഇൻഷുറൻസ് തുക മുൻകൂട്ടി തെരഞ്ഞെടുക്കുകയോ ചില ആഡ്-ഓണുകൾ ഡിഫോൾട്ടായി ഉൾപ്പെടുത്തുകയോ ചെയ്യുന്നത് പതിവാണ്. ‘സ്മാർട്ട് സെലക്ട്’ പോലുള്ള ഫീച്ചറുകൾ വഴി പ്രീമിയം കുറച്ചു കാണിക്കുമെങ്കിലും ക്ലെയിം സമയത്ത് ഉപഭോക്താവിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

വില കുറച്ചു കാണിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയാണ് വാഹന ഇൻഷുറൻസിൽ വ്യാപകമായിട്ടുള്ളത്. ‘സീറോ ഡിപ്രിസിയേഷൻ’ പോലുള്ള ആഡ്-ഓണുകൾ ഒഴിവാക്കിയോ അല്ലെങ്കിൽ മുൻകൂട്ടി തെരഞ്ഞെടുത്തോ ക്രോസ്-സെല്ലിങ് നടത്തുന്നു. ഇത് ക്ലെയിം സമയത്ത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു.

യാത്രാ ഇൻഷുറൻസിലാണെങ്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇൻഷുറൻസ് മുൻകൂട്ടി അതോടൊപ്പം ചേർക്കുമായിരുന്നു. ഐആർഡിഎഐ ‘ഒപ്റ്റ്-ഇൻ’ നിർബന്ധമാക്കിയതോടെ വിൽപ്പനയിൽ 80 ശതമാനത്തോളം കുറവുണ്ടായി.

വെല്ലുവിളികൾ

  • പോളിസി വാങ്ങുമ്പോഴോ പുതുക്കുമ്പോഴോ നിബന്ധനകളിലെ മാറ്റം ഉപഭോക്താക്കൾ തിരിച്ചറിയാതെ പോകുന്നു. ക്ലെയിം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുക.
  • ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നത് മൂലം പോളിസി കാലാവധി കഴിയാറാകുമ്പോൾ അനാവശ്യമായ ഫോൺ വിളികളും സന്ദേശങ്ങളും തുടർച്ചയായി വരുന്നു.
  • ഡിജിറ്റൽ തട്ടിപ്പുകൾ കൂടുന്നത് ഓൺലൈൻ വഴിയുള്ള ഇൻഷുറൻസിന്റെ വിശ്വാസ്യതയെ ബാധിക്കാനിടയാക്കും. ലൈഫ് ഇൻഷുറൻസ് എടുക്കുന്നവരിൽ 0.87 ശതമാനം മാത്രമാണ് ഓൺലൈനെ ആശ്രയിക്കുന്നത്. ആരോഗ്യ ഇൻഷുറൻസിൽ 1.68 ശതമാനവും.

ഇടപെടൽ ശക്തമാക്കണം

2047ഓടെ ‘എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യം കൈവരിക്കാൻ ഡിജിറ്റൽ ഇടപാടുകൾ സുതാര്യമാകേണ്ടതുണ്ട്. അതിനായി സ്വീകരിക്കേണ്ട നടപടികൾ വിദഗ്ധർ മുന്നോട്ടുവെക്കുന്നു.

  • പണം അടയ്ക്കുന്നതിന് മുമ്പ് നിങ്ങൾ അറിയാതെ ഏതെങ്കിലും ആഡ് ഓണുകളോ റൈഡറുകളോ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് നോക്കുക.
  • മറ്റ് കമ്പനികളിലേതുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം കുറവുണ്ടെങ്കിൽ കൂടുതലായി എന്തെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  • ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക.

രേഖാമൂലമുള്ള പരിശോധനകൾക്ക് പകരം പ്രായോഗികമായ ഇടപെടലുകൾ റെഗുലേറ്ററി അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ചതിക്കുഴികൾ വഴി നേടുന്ന ലാഭത്തേക്കാൾ വലിയ തുക പിഴയായി ഈടാക്കണം. എളുപ്പത്തിൽ വാങ്ങാൻ കഴിയുമെന്നതിനേക്കാൾ വ്യക്തമായി മനസിലാക്കി പോളിസിയെടുക്കാൻ കഴിയുന്നതരത്തിലാണ് ഡിജിറ്റൽ സംവിധാനമൊരുക്കേണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!