സഹസ്ഥാനാർത്ഥികൾക്കായി വീട്ടുമതിൽ വിട്ടുനൽകി ; ആനപള്ളി ഗോപാലന് ആനക്കാര്യമല്ല പ്രചാരണം
തളിപ്പറമ്പ്: തീപാറുന്ന മത്സരം നടക്കുന്ന തളിപ്പറമ്പിലെ ആം ആദ്മി സ്ഥാനാർത്ഥിയായ കരിമ്പം പനക്കാട്ടെ ആനപ്പള്ളി ഗോപാലന്റെ വീടിന് മുന്നിലെത്തിയാൽ ആരും ഒന്ന് അത്ഭുതപ്പെടും. സ്വന്തം ബോർഡ് മാത്രം പതിക്കേണ്ട വീട്ടുമതിലിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ സ്ഥാനാർത്ഥികളുടെ ചുവരെഴുത്തും നിരത്തി വച്ചിരിക്കുന്ന ഫ്ളക്സുകളുമാണ് കാഴ്ച. മത്സരമെന്നാൽ വൈരമല്ലെന്നതാണ് മുൻ കെ.എസ്.ഇ.ബി അസി.എൻജിനീയറായ ഗോപാലന്റെ പക്ഷം.അതിന്റെ തെളിവാണ് സഹസ്ഥാനാർത്ഥികൾക്ക് പ്രചരണത്തിനായി വീട്ടുമതിൽ വിട്ടുനൽകിയതിന് പിന്നിൽ.
പ്രത്യയ ശാസ്ത്രങ്ങൾ പലതാണെങ്കിലും എല്ലാവരുടെയും അന്തിമ ലക്ഷ്യം രാജ്യപുരോഗതിയാണെന്ന് ഗോപാലൻ പറയുന്നു.ആരെ തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്.അതിൽ മത്സര മനോഭാവം വച്ചുപുലർത്തുന്ന രീതിയോട് വിയോജിപ്പാണ്. അതാണ് മറ്റു മുന്നണികൾക്കും വീടിന് മുന്നിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാൻ അനുവാദം നൽകിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ദീർഘകാലം ഇടതു അനുഭാവിയായിരുന്നു ഗോപാലൻ. വികസനത്തോടുള്ള ക്രിയാത്മക നിലപാടാണ് മത്സരം ആരോഗ്യകരമായിരിക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശത്തിന് പിന്നിൽ. വീറും വാശിയും പ്രത്യയശാസ്ത്രങ്ങളെ തോൽപ്പിക്കുന്ന കാലത്ത് ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യമാണ് തന്റെ വീടിന് മുന്നിലുള്ളതെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം.
