യു.കെ.സലിം വധക്കേസ്; ആറ് എസ്ഡിപിഐ പ്രവർത്തകരെ വെറുതെ വിട്ടു
കണ്ണൂർ: സിപിഎം പ്രവർത്തകൻ യു.കെ.സലിം വധക്കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
2008 ജൂലൈ 23 നായിരുന്നു യു.കെ.സലിം കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് സലിമിന്റെ പിതാവ് ആരോപിച്ചിരുന്നു. ഫസൽ കേസിലെ വിവരങ്ങൾ സലിം പുറത്ത് പറയുമോയെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു.
ഡിവൈഎഫ്ഐ പോസ്റ്ററിന് മുകളിൽ എൻഡിഎഫിന്റെ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കേസ്. എന്നാൽ ഫസൽ വധക്കേസുമായി മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പിതാവ് തന്നെയാണ് കോടതിയിൽ മൊഴി നൽകിയത്.
സലിം മരിക്കുന്നതിന് മുമ്പ് അടുത്ത സുഹൃത്തായിരുന്ന റഹീസും ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇത് അപകട മരണമല്ലെന്നും ഫസലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ റഹീസിനും അറിയാമായിരുന്നു. അതിനാൽ റഹീസിനെ കൊലപ്പെടുത്തിയതാണെന്നും പിതാവ് മൊഴി നൽകിയിരുന്നു.
