അങ്ങനെ എ. വിജയൻ പിണറായി വിജയനായി, പി.വി രാമചന്ദ്രൻ രാമചന്ദ്രൻ കടന്നപ്പള്ളിയായി
കണ്ണൂർ: നാൽപതുവർഷം മുൻപാണ്. സി.എം.പി. എന്ന രാഷ്‌ട്രീയപ്പാർട്ടിയുടെ തുടക്കകാലം. രണ്ടുപേർ പാട്യത്ത് ബസിറങ്ങി. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് പാട്യം രാജനെ കാണണം. അവിടെ കണ്ട ഒന്നുരണ്ടുപേരോട് സഖാവിന്റെ വീട് അന്വേഷിച്ചു. ‘പാട്യം രാജനോ, അങ്ങനെയൊരാൾ ഇവിടെയില്ലല്ലോ, പാട്യം ഗോപാലനുണ്ട്. അദ്ദേഹം മരിച്ചുപോയി.’ നാട്ടുകാർ മറുപടി നൽകി. വീണ്ടും ചോദിച്ചപ്പോൾ അവർ ഉറപ്പിച്ചുപറഞ്ഞു. ‘പാട്യം രാജൻ എന്നൊരാൾ ഈ നാട്ടിലില്ല. പിന്നെയൊരു കരിയാടൻ രാജനുണ്ട്. നിങ്ങൾക്ക് ആള് തെറ്റിപ്പോയതായിരിക്കും.’ നേതാവിനെ കാണാനാകാതെ വന്നവർ നിരാശരായി മടങ്ങി. വഴി ചോദിച്ചത് സി.പി.എം. പ്രവർത്തകരോടായിരിക്കാമെന്ന് ആ രണ്ടുപേർ പിന്നീട് മനസ്സിലാക്കി.
ഇതിന്റെ നിജസ്ഥിതി എന്തായാലും സ്വന്തം പേരിനേക്കാൾ സ്ഥലനാമത്തിൽ അറിയപ്പെടുന്ന നേതാക്കൾ കേരള രാഷ്‌ട്രീയത്തിൽ നിരവധിയാണ്. കാലക്രമേണ നേതാവിന്റെ യഥാർഥ പേര് നാട്ടുകാരുടെ മനസ്സിൽനിന്ന് ഏറെക്കുറെ അപ്രത്യക്ഷമായി നാടിന്റെ പേര് മുഴങ്ങിനിൽക്കും. അക്കൂട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുഖ്യമന്ത്രിസ്ഥാനംവരെ ഉളളവരും പാർട്ടികളുടെ അമരത്തെത്തിയവരുമുണ്ട്. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലും ഇതിന് പ്രസക്തിയേറെയാണ്. ഇത്തരം നേതാക്കളുടെ പേര് ബാലറ്റ് പെട്ടിയിലെത്തുന്നതും പേരിനൊപ്പം സ്ഥലനാമം ചേർത്തുകൊണ്ടുതന്നെ.
എ. വിജയൻ പിണറായി വിജയനായി
വിദ്യാർഥി രാഷ്ട്രീയത്തിൽ പ്രവേശിച്ചതോടെയാണ് എ. വിജയൻ പിണറായി വിജയനായത്. ആലക്കാട്ട് കല്യാണിയുടെ മകനായ അദ്ദേഹത്തിന്റെ പേരിനൊപ്പം ചേർത്തത് അമ്മയുടെ തറവാട്ടുപേരായിരുന്നു. കെ.എസ്.എഫ്. നേതാവായതുമുതലാണ് പിണറായി വിജയൻ എന്ന് അറിയപ്പെട്ടുതുടങ്ങിയത്.
പി.വി രാമചന്ദ്രൻ രാമചന്ദ്രൻ കടന്നപ്പള്ളിയായി
പുത്തൻവീട്ടിൽ രാമചന്ദ്രൻ എന്ന് കേട്ട് പരിചയമുണ്ടാകില്ല. എന്നാൽ ഇദ്ദേഹം മറ്റൊരുപേരിൽ സുപരിചിതനാണ്. കോൺഗ്രസ് എസ് നേതാവായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. അച്ഛൻ കൃഷ്ണൻ ഗുരുക്കളുടെ പേരിലെ പി.വി.യാണ് പേരിനൊപ്പം ചേർത്തത്. കെ.എസ്.യു.വിലൂടെ രാഷ്ട്രീയരംഗത്തെത്തിയപ്പോഴായിരുന്നു പി.വി. ഒഴിവാക്കി ജന്മനാടായ കടന്നപ്പള്ളിയെ പേരിനൊപ്പം ചേർത്തത്.
