‘മിനി ഫാൻസി ഷോപ്പ്’; ആറരപ്പതിറ്റാണ്ടായിട്ടും ചേലോടെ ജാനകിയമ്മയുടെ വളക്കുട്ട
പയ്യന്നൂർ ∙ ഓൺലൈൻ ഷോപ്പിങ്ങും ഫാൻസി കടകളും ഉണ്ടെങ്കിലും പയ്യന്നൂരുകാർക്കു കരിവളയും കുപ്പിവളയും വാങ്ങാൻ വി.എം.ജാനകിയമ്മയുടെ അടുത്തുവരണം. പൂരംനാളുകൾ അടുത്തതോടെ പൂരക്കുഞ്ഞുങ്ങൾക്കു കരിവളയും കുപ്പിവളയും അണിയിച്ചു കൊടുക്കാൻ അന്നൂർ കിഴക്കേ കൊവ്വലിലെ ജാനകിയമ്മ (85) ഇപ്പോഴും പയ്യന്നൂർ ടൗണിലുണ്ട്. മിനി ഫാൻസി ഷോപ്പ് ആണ് ജാനകിയമ്മയുടെ വളക്കുട്ട. വളക്കച്ചവടം തുടങ്ങിയിട്ട് 65 കൊല്ലമായി. 20ാം വയസ്സിൽ അച്ഛമ്മ ജാനകിയുടെ കൂടെ കച്ചടവത്തിന് ഇറങ്ങിയതാണ്. വീടുകൾ കയറിയിറങ്ങിയാണ് അന്നു കച്ചവടം. വള, ചാന്ത്, കൺമഷി, പൊട്ട് എന്നിവയെല്ലാം കുട്ടയിലുണ്ടാകും. 30 കിലോമീറ്റർ വരെ ദിവസം നടക്കും.
ഫാൻസി കടകൾ വ്യാപകമായതോടെ കൂടെയുള്ള പലരും പിന്മാറിയെങ്കിലും ജാനകിയമ്മ തുടർന്നു. രാവിലെ എട്ടരയ്ക്കു വീട്ടിൽ നിന്ന് വളകൾ നിറച്ച കുട്ട തലയിലേന്തി നടക്കും. ഒരു മണിക്കൂർ കൊണ്ട് ടൗണിലെത്തും. സെൻട്രൽ ബസാറിൽ കടത്തിണ്ണയിലാണു കച്ചവടം. വൈകിട്ട് 4 വരെ ഇവിടെയുണ്ടാകും. ജാനകിയമ്മ വളയിട്ടു കൊടുത്തവർ അവരുടെ മക്കൾക്കും പേരമക്കൾക്കുമൊക്കെയുള്ള വളകൾ തേടി എത്തും. 28ാം നാൾ, പിറന്നാളുകൾ, പൂരം എന്നിവയ്ക്കെല്ലാം ചന്തം പകരാൻ വളകൾ തേടി ആളുകളെത്തും. പൂരോത്സവം തുടങ്ങിയതോടെ കരിവളയ്ക്കു പ്രിയം കൂടിയിട്ടുണ്ട്.
