‘സിലിണ്ടർ എപ്പോ കിട്ടും?’: ഫോൺവിളികൾ, തിരക്ക്, ബഹളം; ‘ഗ്യാസ്’ പോയി ജീവനക്കാർ!
കണ്ണൂർ ∙ തെക്കി ബസാറിലെ എച്ച്പി ഗ്യാസ് ഏജൻസി ഓഫിസിൽ പതിവില്ലാത്ത ആൾക്കൂട്ടം. ലാൻഡ് ഫോണുകൾ നിർത്താതെ ശബ്ദിക്കുന്നു. ഇതിനിടെ വെബ്സൈറ്റ് പണി മുടക്കുന്നു. ഫോണിൽ വിളിക്കുന്നവരോടും നേരിട്ടെത്തുന്നവരോടും മറുപടി പറഞ്ഞ് തളർന്നിരിക്കുകയാണ് ഏജൻസിയിലെ ജീവനക്കാർ. കുറച്ചു ദിവസമായി രാവിലെ 9 മണിക്ക് എത്തുന്ന ഇവർ രാത്രി 9 മണിയോടെയാണ് തിരിച്ചു പോകുന്നത്. ദിവസം മൂന്നോ നാലോ ആളുകൾ മാത്രം എത്തിയിരുന്ന ഓഫിസിൽ ഇപ്പോൾ നിറയെ ആളുകളാണ്. ഗ്യാസ് ബുക്ക് ചെയ്തിട്ട് ലഭിച്ചില്ല എന്നതാണ് പ്രധാന പരാതി. ഓരോരുത്തരോടും കാരണം വിശദീകരിച്ച് വലയുകയാണ് ജീവനക്കാർ.
ഗ്യാസ് സിലിണ്ടർ ലഭിക്കില്ലെന്ന വാർത്ത പ്രചരിച്ചതോടെ ആളുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഏജൻസിയിലെ ജീവനക്കാർ പറഞ്ഞു. ഒരു സിലിണ്ടർ ബുക്ക് ചെയ്ത് 25 ദിവസം കഴിഞ്ഞാലേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കൂ. ഇതറിഞ്ഞിട്ടും ചിലർ വീണ്ടും ബുക്ക് െചയ്യാൻ ശ്രമിക്കുകയാണ്. ബുക്കിങ് സാധിക്കില്ലെന്ന് അവർക്ക് മെസേജ് പോകുന്നുണ്ട്. എന്നാൽ സിലിണ്ടർ ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഓഫിസിലേക്ക് വിളിക്കുകയാണ്. ഫോണിൽ കിട്ടാത്തവർ ഓഫിസിലേക്ക് നേരിട്ടു വരുന്നു. ഇങ്ങനെ എത്തുന്നവരിൽ ഭൂരിഭാഗവും 25 ദിവസത്തിനുള്ളിൽ സിലിണ്ടർ വാങ്ങിച്ചവരായിരിക്കും. ബുക്ക് ചെയ്ത് 5 ദിവസം കഴിഞ്ഞാണ് സിലിണ്ടർ വിതരണം ചെയ്യുന്നത്. നേരത്തേ, രാവിലെ ബുക്ക് ചെയ്താൽ അന്നു തന്നെ കൊടുക്കുന്നുണ്ടായിരുന്നു. ബുക്ക് ചെയ്ത് തൊട്ടടുത്ത ദിവസങ്ങളിൽ സിലിണ്ടർ കിട്ടാത്തവരും നിരന്തരം ഓഫിസിലേക്ക് വിളിക്കുകയാണ്. ഉപയോക്താക്കളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണ് ഏറ്റവും ശ്രമകരമായ ജോലി.
സാധാരണ ദിവസങ്ങളിൽ 550 സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നത്. അതേ എണ്ണം ഇപ്പോഴും നൽകുന്നുണ്ട്. ഗാർഹിക സിലണ്ടറുകൾ ഏജൻസിയിലേക്ക് കൃത്യമായി എത്തുന്നുമുണ്ട്. ഹോട്ടലുകളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കുമുള്ളവയാണ് വിതരണം നിർത്തിയിരിക്കുന്നത്. ഗാർഹിക സിലിണ്ടർ വിതരണം തടസ്സപ്പെടുമെന്ന തരത്തിലുള്ള യാതൊരു അറിയിപ്പും ഓയിൽ കോർപറേഷനിൽ നിന്ന് ലഭിച്ചിട്ടില്ല. പക്ഷേ കൃത്യമായി ഒടിപിയുടെ അടിസ്ഥാനത്തിലായിരിക്കണം വിതരണം എന്ന് നിർദേശമുണ്ടെന്നും ജീവനക്കാർ പറഞ്ഞു.
ഓഫിസിൽ 6 ജീവനക്കാർ ഉണ്ടെന്നും വലിയ സമ്മർദത്തിലാണ് ജോലി ചെയ്യുന്നതെന്നും ഗ്യാസ് ഏജൻസി ഉടമ അർജുൻ പറഞ്ഞു. സാധാരണ ആറു മണിക്കു മുൻപായി ജീവനക്കാർ ഓഫിസിൽ നിന്ന് പോകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 9 മണി വരെ ഇരുന്നിട്ടും ജോലി തീർക്കാൻ സാധിക്കുന്നില്ല. നിലവിൽ ഗാർഹിക വിതരണത്തിന് യാതൊരു പ്രശ്നവുമില്ല. ആശങ്കയിലായ ആളുകൾ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്ക് മറുപടി പറയേണ്ടതിനാൽ മറ്റ് ജോലികൾ മുടങ്ങുന്നു. ഗാർഹിക സിലിണ്ടറുകളുടെ വിതരണം നിലയ്ക്കുമെന്ന് ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ല. പതിവു പോലെ ദിവസവും കൃത്യമായി ലോഡ് വരുന്നുമുണ്ട്. ആളുകളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. സിലിണ്ടർ ലഭിക്കുന്നതിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ചോദിച്ച് ഹോട്ടൽ നടത്തിപ്പുകാരും വിളിക്കാറുണ്ടെന്നും അർജുൻ പറഞ്ഞു.
കണ്ണൂരിലെ ഹോട്ടലുകളിൽ ഭൂരിഭാഗവും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഒന്നോ രണ്ടോ ദിവസത്തേക്ക് കൂടിമാത്രമാണ് പാചകവാതകം സ്റ്റോക്കുള്ളത്. വിറകടുപ്പിൽ പാചകം നടക്കുന്നത് വിരലിലെണ്ണാവുന്ന ചായക്കടകളിൽ മാത്രമാണ്. വലിയ ഹോട്ടലുകളെല്ലാം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പൂട്ടുമെന്ന് ഏറെക്കുറെ ഉറപ്പായി.
