വയോധികനും പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
ഇരിട്ടി: ഇരിട്ടി കല്ലുമുട്ടിയിൽ വയോധികനും പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള സ്വകാര്യ ധനകാര്യ സ്ഥാപന അധികൃതരുടെ നീക്കം നാട്ടുകാർ സംഘടിച്ച് തടഞ്ഞു. വായ്പാ കുടിശികയായതിനെ തുടർന്ന് ജപ്തി നടത്താനായി കോടതി ഉദ്യോഗസ്ഥരും പോലീസുമായെത്തിയ സ്വകാര്യ ഫിനാൻസ് കന്പനിയുടെ ശ്രമമാണ് നാട്ടുകാർ തടഞ്ഞത്.
കല്ലേരിക്കമ്മൽ കൃഷ്ണന്റെ മകൾ ശ്രീജിയുടെ പേരിലുള്ള വീടും ഏഴേകാൽ സെന്റ് സ്ഥലവുമാണ് ജപ്തി നടപടിയിലായത്. കൃഷ്ണന്റെ മറ്റൊരു മകളായ ശകുന്തളയുടെ മകന്റെ ഭാര്യയ്ക്ക് വിദേശത്ത് പോകാനായിരുന്നു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വായ്പ എടുത്തത്. വീടും സ്ഥലവും ഈടായി നൽകി ആധാർ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ കണ്ണൂർ ശാഖയിൽ നിന്ന് 2022ൽ അഞ്ചര ലക്ഷമായിരുന്നു വായ്പ എടുത്തത്. ഇപ്പോൾ പലിശ സഹിതം ഒന്പത് ലക്ഷം തിരിച്ചടക്കണം.
ഇതോടെ ധനകാര്യ സ്ഥാപനം കോടതി ഉത്തരവോടെ ജപ്തിയിലേക്ക് നീങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ കുടുംബത്തെ വീട്ടിൽ നിന്നിറക്കി വിട്ട് ജപ്തി നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെ ധനകാര്യ സ്ഥാപനാധികൃതർ മടങ്ങുകയായിരുന്നു.
