കണ്ണൂര്‍ സിറ്റി കമ്മീഷണർ പി. നിധിന്‍രാജ് ഉള്‍പ്പടെ ഏഴുപേർക്ക് ബാഡ്ജ് ഓഫ് ഓണർ
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍രാജ് ഉള്‍പ്പടെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ കുറ്റാന്വേഷണമികവിനുള്ള ബാഡ്ജ് ഓഫ് ഓണർ. വടകരയ്ക്ക് സമീപം ചോറോടില്‍ കാറിടിച്ച് സ്ത്രീ മരിക്കുകയും ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശിക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസന്വേഷണ മികവിനാണ് പി. നിധിന്‍രാജിനെ ബാഡ്ജ് ഓഫ് ഓണറിന് അർഹമാക്കിയത്. സംഭവസമയം കോഴിക്കോട് റൂറൽ എസ്പിയായിരന്നു നിധിൻരാജ്.
കതിരൂരിലെ അഷ്റഫ് വധക്കേസ് തെളിയിച്ച അന്നത്തെ കൂത്തുപറമ്പ് ഇൻസ്പെക്ടറും നിലവിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയുമായ കെ.വി വേണുഗോപാൽ, വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരി കെ. അഷ്റഫിന്റെ വീട്ടില്‍ നിന്ന് മൂന്നുറുപവന് സ്വര്‍ണവും പണവും അപഹരിച്ച കേസിലെ പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത അന്നത്തെ സിറ്റി പോലീസ് കമ്മീഷണറും നിലവിൽ പാലക്കാട് സിറ്റി കമ്മീഷണറുമായ എസ്.പി.അജിത്ത്കുമാർ , വളപട്ടണം ഇൻസ്പെക്ടറും നിലവിലെ കോഴിക്കോട് സിറ്റി കൺട്രോൾ റൂം എസിപിയുമായ ടി.പി. സുമേഷ് , എസ്ഐ ടി.എം. വിപിൻ,എഎസ്ഐമാരായ എം. സ്നേഹേഷ് , പി.കെ. ഷാജി എന്നിവരാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ച മറ്റുദ്യോഗസ്ഥർ.
