പേരാവൂർ ബ്ലോക്ക് ബജറ്റ്; പശ്ചാത്തല വികസനവും ഭവനനിർമാണവും ദാരിദ്ര്യനിർമാർജനവും ലക്ഷ്യം
പേരാവൂർ: പശ്ചാത്തല വികസനത്തിന് 22 കോടി 52 ലക്ഷവും ദാരിദ്ര്യനിർമാർജനത്തിനും ഭവനനിർമാണത്തിനും എട്ട് കോടി 27 ലക്ഷവും വകയിരുത്തി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ആകെ 72 കോടി 51 ലക്ഷം രൂപ വരവും 70 കോടി 19 ലക്ഷം രൂപ ചിലവും രണ്ട് കോടി 32 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
വനിതാ ക്ഷേമത്തിന് 53 ലക്ഷം, വിദ്യാർഥികൾക്ക് കായിക പരിശീലനത്തിന് അര ലക്ഷം, സ്മാർട്ട് അങ്കണവാടിക്ക് നാല് ലക്ഷം, വയോജനകേന്ദ്രത്തിന് 12 ലക്ഷം, സാന്ത്വന പരിചരണത്തിന് 16 ലക്ഷം, ഭിന്നശേഷിക്കാർക്ക് വീൽ ചെയറുകൾക്ക് 20 ലക്ഷം, ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് 20 ലക്ഷം എന്നിവ വകയിരുത്തി. കാർഷിക മേഖലയിൽ കേളകത്ത് ചെക്ക്ഡാം നിർമാണം, കാർഷിക വേലി, തെങ്ങിൻ തൈ വിതരണം, ഫലവൃക്ഷത്തൈ വിതരണം, തീറ്റപ്പുൽ കൃഷി വികസനം എന്നിവക്ക് 32 ലക്ഷം വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് തൊഴിൽ സംരംഭത്തിന് 30 ലക്ഷവും നീക്കിവെച്ചു.
മൃഗസംരക്ഷണ മേഖലയിൽ കാലിത്തീറ്റ വിതരണം, പാലുത്പാദന ബോണസ്, ചുങ്കക്കുന്ന് വെറ്ററിനറി മൊബൈൽ യൂണിറ്റ് എന്നിവക്കായി 99 ലക്ഷം ബജറ്റിലുണ്ട്. താലൂക്കാസ്പത്രിയുടെ വിവിധ പദ്ധതികൾക്കായി ഒരു കോടി 61 ലക്ഷം, ശുചിത്വ-കുടിവെള്ള പദ്ധതികൾക്ക് ഒരു കോടി എട്ട് ലക്ഷം, പേരാവൂർ പഞ്ചായത്തിന് ഡ്രൈനേജ് വിഹിതമായി 10 ലക്ഷം എന്നിവയും വകയിരുത്തി. വിദ്യാഭ്യാസ മേഖലയിൽ 5.25 ലക്ഷം, പട്ടികജാതി-പട്ടികവർഗ മേഖലക്ക് 33 ലക്ഷം എന്നിവയും ബജറ്റിലുണ്ട്.
ബ്ലോക്ക് വൈസ്.പ്രസിഡന്റ് ബൈജു വർഗീസ് ബജറ്റവതരിപ്പിച്ചു. പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സിസിലി കണ്ണന്താനം (കൊട്ടിയൂർ), ലിസി ജോസഫ് (കേളകം), ത്രേസ്യ പോൾ (കണിച്ചാർ), പി.പ്രഹ്ലാദൻ (കോളയാട്), സുരേഷ് ബാബു (മാലൂർ), അഡ്വ.ജാഫർ നല്ലൂർ (മുഴക്കുന്ന്), ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നൂറുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ്, ജെയ്ഷ ബിജു, വർഗീസ് നടപ്പുറം, ജിജി ജോയ്, ബ്ലോക്ക് സെക്രട്ടറി ആർ.സജീവൻ, എക്സ്റ്റൻഷൻ ഓഫീസർ പി.കെ.സിബിച്ചൻ എന്നിവർ സംസാരിച്ചു.
