പേരാവൂർ-കുനിത്തലമുക്ക് -നാൽപ്പാടി-വായന്നൂർ-വെള്ളർവള്ളി റോഡ് നവീകരണം പാതിവഴിയിൽ

Share our post

പേരാവൂർ: കോളയാട്-പേരാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുനിത്തലമുക്ക് -നാൽപ്പാടി-വായന്നൂർ- വെള്ളർവള്ളി റോഡ് നവീകരണം വർഷം ഒന്ന് കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിൽ പ്രതിഷേധമുയരുന്നു. 2023-ൽ ടെൻഡർ നല്കിയ പ്രവൃത്തി തുടങ്ങിയത് 2024 ഒക്ടോബറിലാണ്. 2025 ഒക്ടോബറിൽ നിർമാണം പൂർത്തിയാകേണ്ട റോഡിന്റെ ഒന്നാമത്തെ റീച്ച് പോലും ഇനിയും പാതിവഴിയിലാണ്.

റോഡ് നവീകരണം കാരണം ഇതുവഴിയുള്ള ബസുകൾ സർവീസ് നിർത്തിവെച്ചിട്ട് ഒരു വർഷമായി. ബോളറുകൾ മാത്രമുള്ള റോഡിലൂടെ ഓട്ടോറിക്ഷകളും സർവീസ് നടത്താൻ ബുദ്ധിമുട്ടുന്നുണ്ട്. പൊടി ശല്യം കാരണം റോഡിനിരുവശത്തുമുള്ള വീട്ടുകാരും വ്യാപാരികളും ഏറെ ദുരിതത്തിലുമാണ്. നിരവധിയാളുകളാണ് പ്രദേശത്ത് നിന്ന് പൊടി മൂലമുള്ള രോഗങ്ങളുമായി ദിവസവും ആസ്പത്രിയിൽ ചികിത്സ തേടുന്നത്.

പി.എം.ജി.എസ്.വൈ പദ്ധതിയിൽ 6.54 കിലോമീറ്റർ റോഡ് നവീകരിക്കാൻ 11.5 കോടി രൂപയാണ് അനുവദിച്ചത്. പേരാവൂർ പഞ്ചായത്തിൽ 3.360 കിലോമീറ്ററും കോളയാട് പഞ്ചായത്തിൽ 3.182 കിലോമീറ്ററുമാണ് 5.5 മീറ്റർ വീതിയിൽ നവീകരിക്കുന്നത്. ആകെ എട്ട് മീറ്റർ വീതിയാണ് റോഡിന്. ഇതിൽ, കുനിത്തലമുക്ക് മുതൽ മണ്ഡപം വരെ വീതികൂട്ടിയെങ്കിലും ജലനിധി പൈപ്പുകൾ സ്ഥാപിച്ചിട്ടില്ല.

രണ്ടാം റീച്ചിലുൾപ്പെടുന്ന വെള്ളർവള്ളി-വായന്നൂർ റോഡിൽ കലുങ്കുകളുടെ നിർമാണം പോലും പാതിവഴിയിലാണ്. ഈ റോഡിലും മാസങ്ങളായി ഗതാഗതം ഭാഗികമായാണുള്ളത്.ഈ ഭാഗത്തും ജലനിധി പൈപ്പുകൾ പൂർണമായും സ്ഥാപിച്ചിട്ടില്ല.2025 ഒക്ടോബറിൽ പൂർത്തിയാക്കേണ്ട ഒന്നാം റീച്ചീന്റെ നാലിലൊന്ന് ഭാഗം പോലും പ്രവൃത്തി പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് സാധിച്ചിട്ടില്ല. ജനജീവിതം ദുസ്സഹമാക്കിയും യാത്രാസൗകര്യം ദുരിതത്തിലാക്കിയും നടക്കുന്ന റോഡ് നവീകരണം എത്രയുമുടനെ പൂർത്തിയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇക്കാര്യത്തിൽ പേരാവൂർ, കോളയാട് പഞ്ചായത്തധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!