കേരളത്തിലെ ഏറ്റവും പഴക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്ന്; തലശ്ശേരിയിൽ നിർത്താതെ കൂകിപായുന്നത് 23 ട്രെയിനുകള്‍

Share our post

തലശ്ശേരി ∙ റെയിൽവേ സ്റ്റേഷന് വേണം മൂന്നാം പ്ലാറ്റ്ഫോമും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും. കേരളത്തിലെ ഏറ്റവും പഴക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തലശ്ശേരിയിൽ നിർത്താതെ ഇതുവഴി കൂകിപായുന്ന ട്രെയിനുകളുടെ എണ്ണം 23 ആണ്. ഉത്തരമലബാറിന്റെ വാണിജ്യ, സാംസ്കാരിക, വിദ്യാഭ്യാസ സാമ്പത്തിക വളർച്ചയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച സ്റ്റേഷനാണിത്. രാജ്യാന്തര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ തലശ്ശേരിയിൽ 1901ലാണ് റെയിൽവേ യാഥാർഥ്യമാകുന്നത്. അന്ന് കോഴിക്കോടിനും മംഗളൂരുവിനും ഇടയിലുള്ള ഏകസ്റ്റേഷനും തലശ്ശേരിയായിരുന്നു. എന്നാൽ കാലക്രമേണ റെയിൽവേ തലശ്ശേരിയെ അവഗണിക്കാൻ തുടങ്ങി. ഇവിടെയുള്ള സൗകര്യങ്ങൾ ഒന്നൊന്നായി എ‌‌ടുത്തുമാറ്റി.

ആദ്യം ചെയ്തത് ഇവിടെയുണ്ടായിരുന്ന ഗുഡ്സ്ഷെഡ് എടുത്തുകളയുകയായിരുന്നു. അതോടെ സ്റ്റേഷനിലുണ്ടായിരുന്ന 4 ലൈനുകൾ മൂന്നാക്കി ചുരുക്കി. പിന്നീട് പാഴ്സൽ ഓഫിസ് ഒഴിവാക്കാനായി നീക്കം. പല തവണ ഇതിനായി ഉത്തരവായെങ്കിലും ജനപ്രതിനിധികളുടെയും സംഘടനകളുടെയും ഇടപെടലിനെത്തുടർന്ന് ഇപ്പോൾ പരിമിതമായ സമയത്തെങ്കിലും സേവനം ലഭിക്കുന്നത് ആശ്വാസം. ഏറ്റവും ഒടുവിൽ ചെയ്തത് രണ്ടാം പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുകേന്ദ്രം എടുത്തുകളഞ്ഞു. അതേ സ്ഥാനത്ത് പണം കൊടുത്തുപയോഗിക്കാവുന്ന ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം ഒരുക്കാനുള്ള പണി പുരോഗമിക്കുകയാണ്. മലയോരങ്ങളിൽ നിന്നും വയനാട്ടിൽ നിന്നുമൊക്കെ രാത്രി വൈകിയും പുലർച്ചെയുമുള്ള ട്രെയിനുകളിൽ യാത്ര ചെയ്യാനായി നേരത്തെ എത്തുന്ന യാത്രക്കാർ ക്ലോക്ക് റൂം ‌ഇല്ലാത്ത സ്റ്റേഷനിൽ തങ്ങളുടെ വില പിടിപ്പുമുള്ള സാധനങ്ങളുമായി സുരക്ഷിതത്വമില്ലാതെ പ്ലാറ്റ്ഫോമിലോ ടിക്കറ്റ് കൗണ്ടറിന് സമീപത്തെ ഹാളിലോ ഇരിക്കണമെന്നതാണ് അവസ്ഥ. ഇവിടെ ശുചിമുറി സൗകര്യം പോലും ലഭിക്കില്ല.

മൂന്നാം പ്ലാറ്റ്ഫോം 
പാലക്കാട് റെയിൽവേ ഡിവിഷനിൽ എൻഎസ്ജി ഗ്രേഡ് 3 എ ക്ലാസ് സ്റ്റേഷനുകളിൽ മൂന്നാം പ്ലാറ്റ്ഫോം ഇല്ലാത്ത ഏക സ്റ്റേഷനാണ് തലശ്ശേരി. ഇക്കഴിഞ്ഞ വർഷം യാത്രാ ടിക്കറ്റ് ഇനത്തിൽ 45.12 കോടി രൂപയാണ് വരുമാനം. തലശ്ശേരിയുടെ യാഡ് റീ മോഡലിങ്ങിലൂടെ കൂടുതൽ ലൈനുകൾ സ്ഥാപിച്ചു മൂന്നാം പ്ലാറ്റ്ഫോം യാഥാർഥ്യമാക്കിയാൽ കൂടുതൽ വണ്ടികൾ ഇവിടെ നിർത്തിയിടാനും കണ്ണൂരിൽ നിന്നോ കോഴിക്കോട് നിന്നോ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്ന ചില സർവീസുകളെങ്കിലും തലശ്ശേരിയിലേക്ക് നീട്ടാനുമാവും. ഇതു നിലവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ നേരിടുന്ന തിരക്കൊഴിവാക്കാനും യാത്രക്കാർക്ക് സുഗമമായ സഞ്ചാരം സാധ്യമാക്കാനും സഹായിക്കും.

തലശ്ശേരിയിൽ കൂടുതൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുന്നതിനായി റെയിൽവേ ബോർഡും ദക്ഷിണ റെയിൽവേയും അടിയന്തരമായി പഠനം നടത്തണം. മൂന്നാം പ്ലാറ്റ്‌ഫോം നിർമിക്കുന്നതിന് സമയബന്ധിതമായ സാധ്യതാപഠനവും പദ്ധതിയും തയാറാക്കണം. യാത്രക്കാർക്കായി ആധുനിക ഡോർമിറ്ററി സൗകര്യം അനുവദിക്കണം. ആധുനിക യാത്രാസൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര സ്റ്റേഷൻ വികസന പദ്ധതി തയാറാക്കണം. സ്റ്റേഷന്റെ വിശാലമായ യാത്രാമേഖലയും വരുമാനവർധനയ്ക്കുള്ള സാധ്യതകളും വിലയിരുത്തണം.

സ്റ്റോപ് വേണം 
രാജ്യത്തെ ഏറ്റവും പഴക്കമേറിയ ജില്ലാ കോടതി ആസ്ഥാനം, മലബാർ കാൻസർ സെന്റർ, കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ഏറ്റവും അടുത്ത സ്റ്റേഷൻ, സർവകലാശാലാ കേന്ദ്രം, നിയമപ ഠന കേന്ദ്രം, കൊട്ടിയൂർ തീർഥാടനകേന്ദ്രം തുടങ്ങി പ്രധാന സ്ഥാപനങ്ങളിലേക്ക് എത്തേണ്ടവർക്കുള്ള റെയിൽവേ സ്റ്റേഷൻ കൂടിയാണ് തലശ്ശേരി. ഈ സാഹചര്യത്തിൽ ഗരീബ് രഥ്, വന്ദേ ഭാരത്, രാമേശ്വരം വീക്കിലി എക്സ്പ്രസ്, മരുസാഗർ എക്സ്പ്രസ്, ശ്രീ ഗംഗാനഗർ എക്സ്പ്രസ്, എറണാകുളം–മഡ്ഗാവ് എക്സ്പ്രസ്, കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ്, ജാംനഗർ എക്സ്പ്രസ്, തിരുനെൽവേലി–മുംബൈ എക്സ്പ്രസ്, അമൃത്‍സർ എക്സ്പ്രസ്, കോയമ്പത്തൂർ–ഹിസാർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് തലശ്ശേരിയിൽ സ്റ്റോപ് വേണമെന്നത് വർഷങ്ങളായുള്ള യാത്രക്കാരുടെയും ട്രെയിൻ യാത്രക്കാരുടെ അസോസിയേഷനുകളുടെയും ആവശ്യമാണ്.

തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു മുൻ എംപി റിച്ചാർഡ് ഹേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനൽകി. തലശ്ശേരിയുടെ ചരിത്രപരമായ പ്രാധാന്യവും റെയിൽവേ വികസനത്തിന്റെ നേട്ട‌ങ്ങളും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!