ശിവസൂര്യയുടെ തിരോധാനം 100 ദിവസം പിന്നിടുന്നു; അന്വേഷണ ഏജൻസികൾ മാറിമാറി വന്നെങ്കിലും ഒരു തുമ്പുമില്ല
പാനൂർ ∙ കരിയാട് പുളിയനമ്പ്രം ശിവപ്രിയത്തിൽ ശിവസൂര്യ(17) വീട്ടിൽനിന്നു പോയിട്ട് നാളെ 100 ദിവസമാകും. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായ ശിവസൂര്യയെ ഓഗസ്റ്റ് 8ന് ആണ് കാണാതായത്. ലോക്കൽ പൊലീസ് തുടങ്ങി, അന്വേഷണ ഏജൻസികൾ മാറിമാറി വന്നെങ്കിലും എവിടെയാണെന്ന കാര്യത്തിൽ ഒരു തുമ്പുമില്ല. എന്താണ് സംഭവിച്ചെന്നതിലും വ്യക്തതയില്ലാതെ അന്വേഷണം തുടരുകയാണ്. ഇപ്പോൾ അന്വേഷിക്കുന്ന ക്രൈംബാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതാണ് അവസാന നടപടി.
ചൊക്ലി പൊലീസും തലശ്ശേരി എഎസ്പി ഡോ.നന്ദഗോപന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും (എസ്ഐടി) അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താതെ വന്നതോടെ പാനൂർ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ നാട്ടുകാർ ആക‍്ഷൻ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ആവശ്യം പരിഗണിച്ചാണ് മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.
ശിവസൂര്യയെ കണ്ടെത്തണമെന്ന ആവശ്യം ഉന്നയിച്ച് ജനകീയ പ്രതിഷേധം നടത്താൻ കഴിഞ്ഞദിവസം രാമവിലാസം ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന കൺവൻഷൻ തീരുമാനിച്ചിരുന്നു. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യാനും ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഉദയന്റെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ തീരുമാനിച്ചു. വി.വി.ഷഫീഖ് ചെയർമാനും ടി.ജയേഷ് കൺവീനറുമായ ആക‍്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് 4.30ന് ചൊക്ലി കാഞ്ഞിരത്തിൻകീഴിൽ ബഹുജന– വിദ്യാർഥി മാർച്ചും ധർണയും നടത്തും. ജസ്റ്റിസ് ഫോർ ശിവസൂര്യ എന്ന പേരിൽ നടക്കുന്ന ധർണയിൽ ശിവസൂര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തിലെ അപാകതകൾ പരിശോധിക്കണമെന്നാണ് ആവശ്യം.
