മഴവെള്ളം ഇനി ബോട്ടിലിൽ; ഭൂമി തൊടും മുൻപ് ശേഖരിക്കും; ഇന്ത്യയിലെ ആദ്യ സംരംഭം കേളകത്ത് ഒരുങ്ങുന്നു
കേളകം:മഴവെള്ളം ശുദ്ധീകരിച്ച് കുപ്പിയിലാക്കി വിപണിയിലെത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം കണ്ണൂർ ജില്ലയിലെ കേളകത്ത് ഒരുങ്ങുന്നു. പശ്ചിമഘട്ടത്തിലെ വനമേഖലയിൽ മഴവെള്ളം ഭൂമി തൊടും മുൻപ് ശേഖരിച്ചു റിവേഴ്സ് ഓസ്മോസിസിലൂടെ ശുദ്ധീകരിച്ച് വിപണിയിലെത്തിക്കുകയാണു പദ്ധതി.
യുഎസിലെ റിച്ചഡ്സ് റെയിൻവാട്ടർ ആണ് ഇത്തരത്തിൽ മഴവെള്ളം ബോട്ടിൽ ചെയ്തു വിപണിയിലെത്തിക്കുന്ന ആദ്യ കമ്പനിയെന്നും ലോകത്ത് രണ്ടാമത്തെയും ഏഷ്യയിലെ ആദ്യത്തെയും കമ്പനിയാണ് കണ്ണൂരിൽ ആരംഭിക്കുന്നതെന്നും സംരംഭകർ പറഞ്ഞു. റിജോ ചാക്കോ മാനേജിങ് ഡയറക്ടറും ജെയ്സൺ ജോസഫ്, റോബിൻ സി ജോയ്, ഡിബിൻ സി ബെന്നി, ബെന്നി സി മാത്യു എന്നിവർ ഡയറക്ടർമാരുമായ കേരള റെയിൻ വാട്ടർ ഹാർവെസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡാണ് സംരംഭത്തിനു പിന്നിൽ.
മഴ എന്ന് അർഥം വരുന്ന പ്ലൂവിയ എന്ന ലാറ്റിൻ പേരാണ് മഴവെള്ള ബ്രാൻഡിനു നൽകുന്നത്. വിദേശ വിപണിയിലേക്ക് കയറ്റി അയയ്ക്കാനും ഇന്ത്യയിലെ അഞ്ച് പ്രമുഖ നഗരങ്ങളിൽ ലഭ്യമാക്കാനുമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. വിമാനത്താവളങ്ങൾ, പ്രീമിയം ഹോട്ടലുകൾ, വൻകിട സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴിയായിരിക്കും വിൽപന. പ്ലാന്റിന്റെ നിർമാണം പൂർത്തിയായി.
