പേരാവൂരിൽ കുടിവെള്ള വിതരണം വീണ്ടും നിലച്ചു; പരാതിപ്പെട്ടിട്ടും അനക്കമില്ലാതെ അധികൃതർ
പേരാവൂർ: ടൗണിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളവിതരണം വീണ്ടും നിലച്ചു. വിതരണം നിലച്ചിട്ട് ഒരാഴ്ചയായിട്ടും ജലവിതരണ വകുപ്പധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വിവിധ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും സർക്കാർ, സർക്കാരിത സ്ഥാപനങ്ങളിലുള്ളവരും പൊതുശൗചാലയങ്ങളെ ആശ്രയിക്കുന്നവരും ഏറെ ബുദ്ധിമുട്ടിലാവുകയാണ്.
ഏതാനും മാസം മുൻപ് ജലവിതരണം ഒരു മാസത്തോളം മുടങ്ങിയിരുന്നു. ഇതിനെതിരെ വ്യാപാരികളും പഞ്ചായത്തും പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് അധികൃതർ തകരാർ പരിഹരിക്കാനെത്തിയത്. കഴിഞ്ഞ 10 വർഷങ്ങളായി പമ്പ് ഹൗസിലുണ്ടായിരുന്ന ജീവനക്കാരനെ ഭരണം മാറിയ ഉടനെ മാറ്റിയിരുന്നു. പകരം ജീവനക്കാരനെ നിയമിച്ചെങ്കിലും പരാതിപ്പെട്ടിട്ടും യഥാസമയം തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. വെള്ളം ലഭിക്കാതായതോടെ ഹോട്ടലുകളും ബേക്കറികളും പ്രതിസന്ധിയിലാണ്.
ടൗണിൽ ജലവിതരണം നിലച്ചാൽ ബദൽ സംവിധാനങ്ങളൊന്നുമില്ല. ഇത് കാരണം സ്ഥാപനങ്ങളിലെ ജീവനക്കാർ പലരും ലീവ് എടുക്കുകയാണ്.ജലവിതരണം നിലച്ചത് വിവിധ മേഖലകളെ ഇതിനകം പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. അടിയന്തരമായി ജലവിതരണം പുന:സ്ഥാപിക്കാൻ അധികൃതർ തയ്യാറാവണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
