അപകട പരമ്പരയിലും ‘അടിച്ചോടിക്കുന്നത്’ കുറയുന്നില്ല, മദ്യപിച്ച് വാഹനമോടിച്ച 2034 പേരുടെ ലൈസൻസ് പോകും
തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പോലീസ് നടത്തിയ പ്രത്യേക ഡ്രൈവിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2,034 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. ആകെ 1,50,621 വാഹനങ്ങളാണ് പരിശോധിച്ചത്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 20 മുതൽ 27 വരെയാണ് സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധന നടത്തിയത്.
എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്-678. കൊല്ലം സിറ്റി-619, തിരുവനന്തപുരം റൂറൽ-585, പാലക്കാട്-584, കോട്ടയം-528 എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകൾ. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിന് ഏറ്റവും കൂടുതൽ ശുപാർശകൾ നൽകിയത് കോട്ടയം ജില്ലയിലാണ്-507. കൊല്ലം സിറ്റി-390, ആലപ്പുഴ-244, തൃശ്ശൂർ സിറ്റി-148, കോഴിക്കോട് റൂറൽ-142 എന്നിങ്ങനെയാണ് ലൈസൻസ് റദ്ദാക്കാൻ ശുപാർശ നൽകിയത്.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പർ (9747001099) മുഖേന പൊതുജനങ്ങൾക്ക് വിവരം നൽകാം. നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവയും അയയ്ക്കേണ്ടതാണ്.
ഒരു ജില്ലയിൽമാത്രം ഇതുവരെ പിടിയിലായത് 6158 പേർ
പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് ഈവർഷം ജില്ലയിൽ പിടിയിലായത് 6158 പേർ. വൈകീട്ട് അഞ്ചുമുതൽ ഒൻപതുവരെ പോലീസ് നടത്തിയ വാഹനപരിശോധനയിൽ കുടുങ്ങിയവരുടെ കണക്കാണിത്. നിരത്തുകളിൽ അപകടം കൂടുമ്പോഴും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈവർഷം 9800-ലേറെ വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതിൽ പകുതിയിലേറെയും ഓടിച്ചത് മദ്യപിച്ചവരായിരുന്നു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് ഓഗസ്റ്റിൽ ജില്ലയിൽ 511 ആളുകളുടെ പേരിലാണ് കേസെടുത്തത്. സെപ്റ്റംബറിൽ 661 പേർക്കെതിരേ കേസെടുത്തു. ഒക്ടോബറിൽ കഴിഞ്ഞദിവസംവരെ 1251 പേരാണ് പിടിയിലായത്. നെടുമ്പാശ്ശേരി, ചേരാനല്ലൂർ സംഭവങ്ങൾക്കുശേഷം പോലീസ് വാഹനപരിശോധന ശക്തമാക്കിയതോടെയാണ് ഇത്രയുംപേർ കുടുങ്ങിയത്.
മോട്ടോർവാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരമാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരേ കേസെടുക്കുന്നത്. ബ്രത്ത് അനലൈസർ പരിശോധനയിൽ 100 മില്ലീലിറ്റർ രക്തത്തിൽ 30 മില്ലീഗ്രാമിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയാലാണ് കേസ് ചുമത്തുന്നത്. സമയബന്ധിതമായി രക്തപരിശോധന നടത്തി, വാഹനമോടിച്ചയാൾ മദ്യപിച്ചെന്ന് പോലീസിന് തെളിയിക്കുകയും വേണം.
മദ്യപിച്ച് വാഹനം ഓടിച്ചാൽ 10,000 രൂപ പിഴ ശിക്ഷ ലഭിക്കും. ഇല്ലെങ്കിൽ ആറുമാസം തടവ് അനുഭവിക്കണം. കുറ്റം ആവർത്തിച്ചാൽ 15,000 രൂപവരെ പിഴയും രണ്ടുവർഷംവരെ തടവും ആകാം. നിയമം കടുപ്പിച്ചെങ്കിലും കോടതിയിലെത്തുന്ന കേസുകളിൽ മിക്കതും തക്കതായ ശിക്ഷയില്ലാതെ പോകുന്ന രീതിയാണ്. കോടതിയിൽ ഹാജരായില്ലെങ്കിൽ കേസ് വാറന്റാകും. പിന്നീട് അദാലത്തിൽ എത്തിയാൽ, കോടതി പിരിയുംവരെ തടവ് എന്ന ശിക്ഷയാണ് ലഭിക്കുന്നത്. ഇതല്ലെങ്കിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനുള്ള 500 രൂപ പിഴയിൽ തീരും.
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അറസ്റ്റിലാകുന്നവരുടെ ലൈസൻസ് റദ്ദാക്കുകയും പിന്നീട് ലൈസൻസ് അനുവദിക്കാതിരിക്കാനുമുള്ള നടപടികൾ സ്വീകരിച്ചാലേ ഇത്തരത്തിലുള്ള കുറ്റകൃത്യത്തിന് കുറവുണ്ടാകൂ.
