ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ പിതാവായ ജഡ്ജിയെ ചോദ്യംചെയ്തു; ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം
കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ നിർണായക നടപടികളുമായി ജില്ലാ ക്രൈംബ്രാഞ്ച്. അപകടത്തിന് കാരണമായ വാഹനം ഓടിച്ച 17-കാരന്റെ പിതാവും ജഡ്ജിയുമായ റെനോ ഫ്രാൻസിസ് സേവ്യറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊച്ചിയിലെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ.
നേരത്തെ ഹൈക്കോടതിയിൽനിന്ന് ഔദ്യോഗികമായി അനുമതി വാങ്ങിയ ശേഷമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിലേക്ക് കടന്നത്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതുമായി ബന്ധപ്പെട്ട് ജഡ്ജിക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നാണ് ജഡ്ജി നേരത്തെ അന്വേഷണ സംഘത്തോട് വിശദീകരിച്ചിരുന്നത്. ഇതിനായി വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ കാര്യങ്ങളൊന്നും മുൻപ് ഔദ്യോഗികമായി മൊഴിയായി രേഖപ്പെടുത്തിയിരുന്നില്ല. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് അന്വേഷണം ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് കടന്നത്. വിശദമായ ചോദ്യംചെയ്യലിനുശേഷം ജഡ്ജിയുടെ മൊഴി രേഖപ്പെടുത്തുകയും തുടർന്ന് മറ്റ് നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം.
യൂട്യൂബ് നോക്കിയാണ് താൻ ഡ്രൈവിങ് പഠിച്ചതെന്നും കൊതികൊണ്ടാണ് പിതാവിന്റെ കാർ അറിയാതെ എടുത്തുകൊണ്ടുപോയതെന്നുമാണ് 17-കാരൻ പോലീസിന് നൽകിയ മൊഴി. മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി നേരത്തെ പറഞ്ഞത്. 17-കാരൻ കാറിനു പുറമേ ബൈക്ക് എടുത്ത് ഇറങ്ങുന്നതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
