പേപ്പർ സ്ട്രോകൾ പ്ലാസ്റ്റിക്കിനേക്കാൾ അപകടകരം; ക്യാൻസറിന് കാരണമായേക്കാമെന്ന് കൊറിയൻ പഠനം

Share our post

ബെയ്ജിങ്: പ്ലാസ്റ്റികിന് പകരം പരിസ്ഥിതി സൗഹൃദപരമായി ഉപയോഗിക്കുന്ന ഒന്നാണ് പേപ്പര്‍ സ്ട്രോകൾ.ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും പേപ്പര്‍ സ്ട്രോകളാണ് ഉപയോഗിക്കുന്നത്. എന്നാൽ നമ്മൾ കരുതുന്നതുപോലെ അത്ര നല്ലതല്ല ഈ പേപ്പര്‍ സ്ട്രോകളെന്നാണ് പഠനങ്ങൾ പറയുന്നത്. പരമ്പരാഗത പ്ലാസ്റ്റിക് സ്ട്രോകളേക്കാൾ വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് പറയുന്നു.

ദക്ഷിണ കൊറിയയുടെ കാലാവസ്ഥ, ഊർജ, പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്ട്രോകളെക്കുറിച്ചുള്ള സമഗ്ര പഠന റിപ്പോര്‍ട്ട് പ്രതിപക്ഷ പീപ്പിൾ പവർ പാർട്ടി നിയമസഭാംഗമായ കിം വൈ-സാങ് ബുധനാഴ്ച പുറത്തുവിട്ടതായി ‘ദി കൊറിയ ഹെറാൾഡ്’ റിപ്പോർട്ട് ചെയ്തു.

സാധാരണ പ്ലാസ്റ്റിക് സ്ട്രോകളെ അപേക്ഷിച്ച് കടലാസ് സ്ട്രോകൾക്ക് 6.33 മടങ്ങ് അധിക ക്യാൻസർ സാധ്യതയുണ്ടാക്കുന്നതും പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നതാണെന്നും കണ്ടെത്തി. ഒരു ഉൽപന്നത്തിന്റെ നിർമാണത്തിനാവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നത് മുതൽ അത് സംസ്കരിക്കുന്നത് വരെയുള്ള മുഴുവൻ ഘട്ടങ്ങളിലും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന രാസവസ്തുക്കളുടെ ക്യാൻസർ സാധ്യത പ്രതിഫലിപ്പിക്കുന്നതാണ് ഈ അളവുകോൽ. എന്നാൽ ഇത് ഒരു സ്ട്രോ നേരിട്ട് ഉപയോഗിക്കുന്നത് കൊണ്ടുള്ള പെട്ടെന്നുള്ള ആരോഗ്യപ്രശ്നമല്ലെന്ന് ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ വ്യക്തമാക്കുന്നു.

കൂടാതെ, കടലാസ് സ്ട്രോകൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന അമ്ലീകരണ സ്വാധീനം സാധാരണ പ്ലാസ്റ്റിക് സ്ട്രോകളേക്കാൾ 2.04 മടങ്ങ് കൂടുതലാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലേക്കും പരിസ്ഥിതിയിലേക്കും പുറന്തള്ളപ്പെടുന്ന മലിനീകരണം വായുവിന്റെയും മണ്ണ്-വെള്ളം എന്നിവയുടെയും അമ്ലത്വം ഉയർത്തുന്നതിനെയും അത് ജീവജാലങ്ങൾക്കും ആവാസവ്യവസ്ഥയ്ക്കും ഉണ്ടാക്കുന്ന ആഘാതത്തെയുമാണ് അമ്ലീകരണം എന്നത് കൊണ്ട് അർഥമാക്കുന്നത്.

പരമ്പരാഗത പ്ലാസ്റ്റിക്, പേപ്പർ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്, ബയോ-ബേസ്ഡ് പോളിത്തീൻ എന്നിങ്ങനെ നാല് തരം സ്ട്രോകളെ ഗവേഷകർ വിലയിരുത്തി. ഗ്രീൻഹൗസ് വാതക പുറന്തള്ളൽ , മനുഷ്യശരീരത്തിലെ വിഷാംശം, അന്തരീക്ഷത്തിലെ സൂക്ഷ്മകണികകൾ , അമ്ലീകരണം എന്നിവ ഉൾപ്പെടെ 16 പരിസ്ഥിതി ആഘാത വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ലൈഫ് സൈക്കിൾ വിലയിരുത്തൽ നടത്തിയത്.

ജൈവവിഘടനം സംഭവിക്കുന്ന പ്ലാസ്റ്റിക് സ്ട്രോകൾക്ക് സാധാരണ പ്ലാസ്റ്റിക് സ്ട്രോകളേക്കാൾ 3.34 മടങ്ങ് അധിക ക്യാൻസർ സാധ്യതയും 1.98 മടങ്ങ് അധിക അമ്ലീകരണ ആഘാതവും ഉണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. പല വിഭാഗങ്ങളിലും സാധാരണ പ്ലാസ്റ്റിക് സ്ട്രോകൾ കുറഞ്ഞ ആഘാതമാണ് രേഖപ്പെടുത്തിയത്. പരിശോധിച്ച 16 വിഭാഗങ്ങളിൽ 10 എണ്ണത്തിലും ഏറ്റവും കുറഞ്ഞ പരിസ്ഥിതി ആഘാതം രേഖപ്പെടുത്തിയത് സാധാരണ പ്ലാസ്റ്റിക് സ്ട്രോകളാണ്. കാലാവസ്ഥാ വ്യതിയാനം , മനുഷ്യശരീരത്തിലെ വിഷാംശം, അന്തരീക്ഷത്തിലെ സൂക്ഷ്മകണികകൾ, അമ്ലീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!