ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്
കോഴിക്കോട്: ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു. മീഞ്ചന്ത സ്വദേശിയായ എരിങ്ങോട്ട് പറമ്പിലെ മിസ്ഹാബ്(30)-ആണ് മരിച്ചത്. പിതാവ് ഉമ്മർകോയയും മകനും തമ്മിൽ ചൊവ്വാഴ്ച്ച പുലർച്ചെ മുതൽ തർക്കമുണ്ടായിരുന്നു. ഇത് അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഉമ്മർകോയക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ ഉമ്മർകോയയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ച് തിരിച്ചുവന്നപ്പോഴാണ് മിസ്ഹാബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിസാഹാബിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായ മിസ്ഹാബിനെ ലഹരിവിമോചന കേന്ദ്രത്തിൽ കൊണ്ടുപോവുകയും ചികിത്സ നടത്തുകയുമൊക്കെ ചെയ്തിരുന്നു. പക്ഷെ ലഹരി ഉപയോഗത്തിൽ നിന്ന് മുക്തനായിരുന്നില്ല. ഇയാൾ വീട്ടിലേക്ക് വരികയും വീട്ടുകാരുമായി തർക്കമുണ്ടാക്കുകയുമൊക്കെ പതിവായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
