നെടുമ്പാശ്ശേരി വാഹനാപകടം: വിശദീകരണവുമായി പൊലീസ്

Share our post

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍. സംഭവം നടന്ന ഉടനെ പുലര്‍ച്ചെ കിട്ടിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടതെന്നാണ് റൂറല്‍ എസ് പിയുടെ വിശദീകരണം. എഫ്‌ഐആര്‍ തയ്യാറാക്കിയ സമയത്ത് പ്രതി മദ്യപിച്ചിരുന്നു എന്ന മൊഴി കിട്ടിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. കേസില്‍ പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തിയിട്ടുണ്ട്. പൊലീസ് സ്വീകരിച്ചത് സത്വരമായ നടപടികളാണ്. പ്രതി മദ്യപിച്ചിരുന്നു എന്ന കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ എവിടെ റിമാന്‍ഡ് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അതിന് പൊലീസിന് റോളില്ല. പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.നാലു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളുടെ ലഹരി പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പ്രതിയുടെ പേരുവിവരങ്ങളോ, പ്രതി മദ്യപിച്ച കാര്യങ്ങളോ രേഖപ്പെടുത്താതിരുന്നതിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എഫ്ഐആർ റിപ്പോർട്ടിൽ പൊലീസ് പ്രതിയെ സംരക്ഷിക്കാൻ നോക്കിയെന്നും ആരോപണം ഉയർന്നിരുന്നു. പ്രതിയെ ജയിലിലേക്ക് അയക്കുന്നതിനു പകരം പോര്‍സ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചുവെന്ന് പ്രതിപക്ഷവും വിമർശിച്ചിരുന്നു. പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐയും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

എഫ്ഐആർ റിപ്പോർട്ടിൽ ആരാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. എഫ്‌ഐആറില്‍ എവിടെയും മദ്യം എന്നൊരു വാക്ക് പോലും ഇല്ലായിരുന്നു. പ്രതി സുഹൈലിന്റെ പേര് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ലെന്ന് മാത്രമല്ല ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കുന്ന അൺനോൺ എന്ന വാക്കാണ് പ്രതിയുടെ കോളത്തില്‍ ചേര്‍ത്തിരുന്നത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തിൽ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!