യു.പി. സ്‌കൂൾ റാങ്ക് ലിസ്റ്റിലും നിയമനമില്ല; സർക്കാരിന്റെ വാതിലിൽ മുട്ടിത്തളർന്ന് ഉദ്യോഗാർഥികൾ

Share our post

തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സ് സമരം ചൊവ്വാഴ്ച നൂറാംദിനത്തിലേക്കു കടക്കുമ്പോൾ, സർക്കാരിന്റെ വാതിലിൽ മുട്ടിത്തളർന്ന് പി.എസ്.സി. റാങ്ക് പട്ടികയിലുള്ള യു.പി. സ്കൂൾ ഉദ്യോഗാർഥികൾ. ജൂലായ് 29 മുതൽ 17 ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധിച്ചെങ്കിലും നിയമനത്തിന് അവസരമൊരുക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ചു പിന്മാറിയതാണവർ. പക്ഷേ, രണ്ടുമാസമായിട്ടും സർക്കാർ വാക്കുപാലിച്ചിട്ടില്ല.

2025 ഒക്ടോബർ പത്തിനു നിലവിൽവന്നതാണ് യു.പി.എസ്.ടി. റാങ്ക് പട്ടിക. അൻപതിൽത്താഴെയേ നിയമനം നടന്നിട്ടുള്ളൂ. അധ്യാപകജോലി കാത്തിരുന്നു മടുത്ത കാസർകോട്ടെ ഒന്നാംറാങ്കുകാരൻ പട്ടികയിൽനിന്നു പിന്മാറി മറ്റൊരു ജോലിക്കു ചേർന്നു. കുട്ടികൾ കുറഞ്ഞതും അധ്യാപകർ ജോലിഭീഷണി നേരിടുന്നതുമൊക്കെ യാഥാർഥ്യമാണെങ്കിലും, ഒരു പ്രതിവിധിയുണ്ടാക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാണ് പരാതി.

പ്രഥമാധ്യാപകരായി നിയമിക്കപ്പെടുന്നവരെ ക്ലാസെടുക്കുന്നതിൽനിന്ന്‌ ഒഴിവാക്കുമ്പോൾ, ഒരു തസ്തിക (എച്ച്.ടി.വി.) സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കാറുണ്ട്. വാഗ്ദാനംചെയ്തെങ്കിലും യു.പി. വിഭാഗത്തിൽ എച്ച്.ടി.വി. തസ്തിക അധികമില്ല. ആറ്, ഏഴ് ക്ലാസുകളിൽ 1:35 എന്ന നിലയിലാണ് അധ്യാപക-വിദ്യാർഥി അനുപാതം. ഇത് 1:30 ആക്കി കുറച്ച് തസ്തികഭീഷണി നേരിടുന്നവരെ സംരക്ഷിക്കുന്നതിനൊപ്പം, മറ്റൊഴിവുകളിൽ പി.എസ്.സി. റാങ്കുകാരെ നിയമിക്കണമെന്ന ആവശ്യം സർക്കാർ കേട്ടമട്ടില്ല. 30 മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ യു.പി.ക്കാരെ നിയമിക്കാമെന്ന വാഗ്ദാനവും ഫിഷറീസ് സ്കൂളിലെ തസ്തികയുമൊക്കെ പാഴ്‌വാക്കുകളായെന്ന് യു.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. രേഷ്മ പറഞ്ഞു.

അധ്യാപക-വിദ്യാർഥി അനുപാതത്തെക്കുറിച്ച് പഠിക്കാൻ സെപ്റ്റംബർ 28 വരെ കാലാവധി ചോദിച്ചാണ് മന്ത്രിയുമായുള്ള ചർച്ച അവസാനിച്ചത്. ഞായറാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽക്കണ്ടെങ്കിലും നോക്കാമെന്നു മാത്രമായിരുന്നു മറുപടി.

നിയമനം കാത്തിരിക്കുന്നവർ

തിരുവനന്തപുരം- 365

കൊല്ലം- 106

പത്തനംതിട്ട- 53

ഇടുക്കി- 42

കോട്ടയം- 40

ആലപ്പുഴ- 75

എറണാകുളം- 107

തൃശ്ശൂർ- 162

കോഴിക്കോട്- 225

മലപ്പുറം- 512

പാലക്കാട്- 115

കണ്ണൂർ- 121

വയനാട്- 21

കാസർകോട്- 260


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!